Latest Videos

ജമ്മുകശ്മീരില്‍ പിഡിപി എംപിമാരോട് രാജിവെയ്ക്കാന്‍ മെഹ്ബൂബ മുഫ്തി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

By Web TeamFirst Published Aug 8, 2019, 3:03 PM IST
Highlights

വീട്ടുതടവിലായിരുന്ന മെഹബൂബ മുഫ്തിയെ സര്‍ക്കാര്‍ മന്ദിരത്തിലേക്ക് മാറ്റിയതായാണ് നിലവില്‍ ലഭിക്കുന്ന വിവരം

ദില്ലി: മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പാര്‍ട്ടിയുടെ രണ്ട് രാജ്യസഭാ എംപിമാരോടും രാജിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുമുള്ള നടപടിയില്‍ പ്രതിഷേധിച്ച് രാജി വെക്കാനാണ് ആവശ്യപ്പെട്ടത്.

പിഡിപിക്ക് രണ്ട് രാജ്യസഭ എംപിമാരാണുള്ളത്. കാശ്മീര്‍ വിഭജനത്തിനായുള്ള ബില്ല് അവതരിപ്പിച്ചപ്പോള്‍ എം പിമാരായ മിര്‍ ഫായസും നാസിര്‍ അഹമ്മദ് ലാവെയും ഭരണഘടന കീറികളയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇരുവരേയും രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സഭയില്‍നിന്ന് നീക്കം ചെയ്തു. 

കശ്മിരില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയെല്ലാം തടവില്‍ വെച്ചുകൊണ്ട് തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കശ്മീരില്‍ വീട്ടുതടവിലായിരുന്ന മെഹബൂബ മുഫ്തിയെ സര്‍ക്കാര്‍ മന്ദിരത്തിലേക്ക് മാറ്റിയതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഈ സമയത്താണ് രാജിക്കുള്ള നിര്‍ദ്ദേശം നല്‍കിയതെന്നും ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു. 

click me!