
ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ ദില്ലിയിലെ ചെങ്കോട്ടയിൽ മണിപ്പൂരിലെ മെയ്ത്തെയ്, കുക്കി ഗോത്ര വിഭാഗങ്ങൾ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച യോഗം ചേർന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ആഘോഷം നടക്കുന്ന ചെങ്കോട്ടയക്ക് ചുറ്റും നിരവധി സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. മണിപ്പൂരിലെ മെയ്ത്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിൽ അസ്വാരസ്യം തുടരുന്നതിനിടെയാണ് പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട് വന്നത്.
അതേസമയം, മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താൽപര്യമില്ലെന്ന വിമർശനമുയർത്തി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മണിപ്പൂരിൽ കലാപം നടക്കുമ്പാൾ മോദി പാർലമെന്റിൽ നാണമില്ലാത്ത തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നെന്നും രാഹുൽ കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുതെന്നും രാജ്യമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. മണിപ്പൂരിനെ സംബന്ധിച്ച ചർച്ച പാർലമെൻറിൽ ഉണ്ടായപ്പോൾ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയെന്നും പ്രതിപക്ഷം കളിച്ചത് നാടകമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Read More: പ്രതിപക്ഷത്തിന് വലുത് പാർട്ടി, മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രവർത്തകരോട് മോദി
മണിപ്പൂർ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ഹൈക്കോടതി വനിത ജഡ്ജിമാർ അടങ്ങുന്ന ഉന്നതതലസമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ സഹായം ചെയ്യാൻ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും സുപ്രീം കോടതി അവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam