
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് വ്യാജ ഐഡി കാർഡും തോക്കുമായി മൂന്ന് യുവാക്കൾ പിടിയിലായ സംഭവത്തിൽ യാതൊരുവിധ സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവർക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളിൽ നിന്ന് കണ്ടെടുത്ത തോക്കിന് സാധുവായ ലൈസൻസ് ഉണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. സംഭവത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
ബാന്ദ്ര കുർള കോംപ്ലക്സിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. പ്രതികൾ ജിയോ വേൾഡ് പ്ലാസ മാളിലേക്ക് വ്യാജ ഐഡി കാർഡ് കാണിച്ച് പ്രവേശിക്കാൻ ശ്രമിക്കവേ, സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 24 കാരനും ഇയാളുടെ സുരക്ഷാ ജീവനക്കാരെന്ന് കരുതുന്ന രണ്ട് പേരുമാണ് പിടിയിലായത്. ഇവർ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുളളവരെന്ന് പറഞ്ഞതായി പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ കൈവശം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജ ഐഡി കാർഡും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച വരെ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam