
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കംചെയ്തതിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനോട് മാപ്പ് പറഞ്ഞ് മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥൻ. മെറ്റ ചീഫ് ഗ്ലോബൽ അഫേഴ്സ് ഓഫീസറായ ജോയൽ കാപ്ലാനാണ് മന്ത്രി അശ്വിനി വൈഷ്ണവിനോട് ക്ഷമാപണം നടത്തിയത്. പ്രധാനമന്ത്രിയുടെ പോസ്റ്റ് നിയന്ത്രിക്കാനിടയായ പിഴവിൽ മെറ്റയ്ക്ക് വേണ്ടി താൻ മന്ത്രിയോട് ക്ഷമ ചോദിച്ചതായി അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ബുധനാഴ്ച മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ഐടി സെക്രട്ടറി എസ്. കൃഷ്ണൻ ഉൾപ്പെടെയുള്ള കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 45 മിനിറ്റോളം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിലാണ് ജോയൽ കാപ്ലാൻ നേരിട്ട് ക്ഷമാപണം നടത്തിയത്. മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ കുട്ടികളുടെ ലൈംഗികദൃശ്യങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ തുടങ്ങിയവയ്ക്ക് മെറ്റ മേധാവി മാർക് സക്കർബർഗും നേരത്തേ ക്ഷമാപണം നടത്തിയിരുന്നു. മെറ്റ പ്രതിനിധിസംഘത്തിന്റെ കൂടിക്കാഴ്ചയ്ക്കിടെയാണ് സക്കർബർഗിന്റെ ക്ഷമാപണം കേന്ദ്രസർക്കാരിനെ അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്. പ്രത്യേക ഉള്ളടക്കങ്ങൾ പണം വാങ്ങി പ്രചരിപ്പിച്ചതായി മെറ്റ സമ്മതിച്ചതായും റിപ്പോർട്ടുകളിലുണ്ടായിരുന്നു.
ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശമാണ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും അല്പസമയത്തേക്ക് നീക്കംചെയ്തത്. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. സംഭവത്തിന് പിന്നിൽ സാങ്കേതിക പിഴവാണെന്നും ക്ഷമാപണം നടത്തുന്നതായും മെറ്റ പിന്നീട് വിശദീകരിച്ചു. എന്നാൽ, മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിലപാട്. ഐടി-കമ്മ്യൂണിക്കേഷൻ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന പാർലമെന്ററി സമിതിയും മെറ്റയെ കുറ്റപ്പെടുത്തി. മൂന്നുദിവസത്തിനുള്ളിൽ സക്കർബർഗ് മാപ്പ് പറയണമെന്നും പാർലമെന്ററി സമിതി അധ്യക്ഷനായ ബിജെപി എംപി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടുദിവസത്തെ കൂടിക്കാഴ്ചയ്ക്കായി മെറ്റയുടെ ഉന്നതതല സംഘം ഇന്ത്യയിലെത്തിയത്.
മെറ്റയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. മെറ്റയുടെ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വാട്സാപ്പിനും ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam