ടിവികെ സർക്കാരിന്റെ ഭരണം തമിഴ്നാടിനെ 25 വർഷം പിന്നോട്ടടിച്ചതായും സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
ചെന്നൈ: മിസ നിയമപ്രകാരം തന്നെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങളിൽ വികാരധീനനായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡിഎംകെ ആസ്ഥാനത്ത് സംഘടിപ്പിച്ച 'മുപ്പെറും വിഴ' പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സ്റ്റാലിൻ വിജയ്ക്ക് മറുപടി നൽകിയത്. മിസയിലെ അറസ്റ്റ് തനിക്ക് ഒരിടത്തും തെളിയിക്കേണ്ടതില്ല. തന്റെ ത്യാഗങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല. ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതാകുമ്പോൾ വിജയ് ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം പരാമർശങ്ങളെന്നും സ്റ്റാലിൻ പറഞ്ഞു.
ടിവികെ സർക്കാരിന്റെ ഭരണം തമിഴ്നാടിനെ 25 വർഷം പിന്നോട്ടടിച്ചതായും സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് കുറ്റവാളികളുടെ താവളമായി മാറുകയാണ്. വൈദ്യുതമുടക്കത്തിനും അരിവാൾ ആക്രമണങ്ങൾക്കും ഇടയിൽ ഉഴലുന്ന സർക്കാരായി വിജയ് സർക്കാർ മാറിയെന്നും സ്റ്റാലിൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിനെതിരേയും സ്റ്റാലിൻ രൂക്ഷവിമർശനമുന്നയിച്ചു. പണ്ട് ലോക്കൽ ഷൂട്ടിങ്ങായിരുന്നു, എന്നാൽ ഇപ്പോൾ ഫോറിൻ ഷൂട്ടിങ്ങായി. എന്തിനാണ് വിജയ് ലണ്ടനിൽ പോയത്? ഇന്ത്യൻ കമ്പനിയുമായി കരാറിൽ ഒപ്പിടാൻ ലണ്ടൻ വരെ പോകണോ? അഭിനയം നിർത്തിയെന്നാണ് വിജയ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ അദ്ദേഹം റീൽസിനായി അഭിനയിക്കുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു.
സെപ്റ്റംബർ ആദ്യവാരം നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്റ്റാലിനെ പരിഹസിക്കുന്നരീതിയിൽ വിജയ് പരാമർശം നടത്തിയത്. മിസ നിയമം കണ്ടവരാണ് തങ്ങളെന്നാണ് നമ്മുടെ സുഹൃത്തുക്കൾ എപ്പോഴും പറയുന്നതെന്നും എന്നാൽ എല്ലാവർക്കും മിസയുടെ ചരിത്രം അറിയാമെന്നുമായിരുന്നു വിജയ് പറഞ്ഞത്. ഈ സമയം സ്റ്റാലിന്റെ പരിഹസിക്കുന്ന രീതിയിൽ വലതുകൈ താടിയെല്ലിനോട് ചേർത്തുപിടിക്കുകയുംചെയ്തിരുന്നു. മിസ നിയമപ്രകാരം തടവ് അനുഭവിക്കുന്നതിനിടെ ക്രൂരമർദനമേറ്റ് തന്റെ താടിയെല്ല് ഒടിഞ്ഞതായി സ്റ്റാലിൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇതിനെ പരിഹസിക്കാനായാണ് വിജയ് ഇത്തരത്തിൽ ആംഗ്യം കാണിച്ചതെന്നായിരുന്നു ആക്ഷേപം. അതേസമയം, ഇത് വിവാദമായതിന് പിന്നാലെ വിജയ്നെ പിന്തുണച്ച് ടിവികെ മന്ത്രി നിർമൽകുമാർ അടക്കമുള്ളവർ രംഗത്തെത്തി. മിസ നിയമപ്രകാരം സ്റ്റാലിനെ തടവിലാക്കിയതിന് തെളിവായി ഔദ്യോഗിക രേഖകളില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.


