
ദില്ലി: രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്തുള്ള പരാതിയിൽ വിവരങ്ങൾ പരസ്യമാക്കാൻ വിസമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്വേഷണത്തെ ബാധിക്കുന്നവ, പൊതുതാത്പര്യവുമായി ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങൾ, വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രകാരം നല്കിയ അപേക്ഷ തള്ളിയത്.
ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ രാഹുലിന്റെ വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിലെയും ഇതിന് രാഹുൽ നൽകിയ മറുപടിയിലെയും വിവരങ്ങൾ ആവശ്യപ്പെട്ട് പിടിഐയാണ് വിവരാവകാശ അപേക്ഷ നൽകിയത്. രാഹുൽ ഡയറക്ടറായിരുന്ന ബാക്കോപ്സ് ലിമിറ്റഡ് കമ്പനി ഇംഗ്ലണ്ടിലെ കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകളിൽ രാഹുൽ ബ്രിട്ടീഷ് പൗരത്വം നേടിയെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലതവണ ഈ വിഷയം ഉയർന്നിരുന്നു. ഇതിനിടെയാണ് രാജ്യസഭാ എംപി കൂടിയായ സുബ്രഹ്മണ്യൻ സാമി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്. ബ്രിട്ടീഷ് പൗരത്വം നേടിയെന്ന പരാതിയിൽ തീർപ്പുണ്ടാകും വരെ കോണ്ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഏതെങ്കിലും ഒരു കമ്പനി രാഹുൽ ബ്രിട്ടീഷ് പൗരനെന്ന് എഴുതിയാൽ അങ്ങനെയാകുമോയെന്നായിരുന്നു ഹർജി തള്ളി കോടതി നിരീക്ഷിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam