മിഡിൽ ഈസ്റ്റ് സംഘർഷം; യുഎഇയിൽ സുപ്രധാന ചർച്ച പൂർത്തിയാക്കി വിദേശകാര്യമന്ത്രി, മേഖലയുടെ സുരക്ഷ ചർച്ചയായി

Published : Apr 12, 2026, 11:40 PM IST
s jayasankar dubai visit

Synopsis

യുഎഇ പ്രസിഡൻ്റ്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി വിദേശകാര്യ മന്ത്രി നിർണായക കൂടിക്കാഴ്ച്ചകൾ നടത്തി. മേഖലയുടെ സുരക്ഷ ചർച്ചയായതായി ജയശങ്കർ പറഞ്ഞു. 

ദില്ലി: മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷവും ഹോർമൂസ് വിഷയവും യുഎഇയുമായി ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎഇ പ്രസിഡൻ്റ്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി വിദേശകാര്യ മന്ത്രി നിർണായക കൂടിക്കാഴ്ച്ചകൾ നടത്തി. മേഖലയുടെ സുരക്ഷ ചർച്ചയായതായി ജയശങ്കർ പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് രം​ഗത്തെത്തി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും ശത്രുക്കളെ കടലിടുക്കിലെ 'മരണച്ചുഴിയിൽ' അകപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. മേഖലയിൽ സൈനിക സംഘർഷം അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ് ഇറാന്‍റെ ഈ പ്രകോപനപരമായ പ്രതികരണം.

ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് റെവല്യൂഷണറി ഗാർഡ്സ് നാവിക വിഭാഗം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യാൻ ആരംഭിച്ച സാഹചര്യത്തിൽ, രാജ്യത്തിന്‍റെ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. തങ്ങളുടെ അതിർത്തിക്കടുത്ത് നടക്കുന്ന ഏതൊരു സൈനിക നീക്കത്തെയും നേരിടാൻ സജ്ജമാണെന്നും ശത്രുക്കൾക്ക് ഹോർമുസ് കടലിടുക്ക് ഒരു കെണിയായി മാറുമെന്നും ഇറാൻ അവകാശപ്പെടുന്നു.

അന്താരാഷ്ട്ര കപ്പൽ പാതയിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കെയാണ് ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്നത്. ട്രംപിന്‍റെ ഉപരോധ ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാന്‍റെ പുതിയ ഭീഷണി പുറത്തുവന്നതോടെ പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

ഇതിനിടെ, അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ യാത്ര നടത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം 'യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ', 'യുഎസ്എസ് മൈക്കൽ മർഫി' എന്നീ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളാണ് ഹോർമുസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ പാത സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആർഎസ്എസിൽ എന്തുകൊണ്ട് സ്ത്രീകളില്ല, വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രിയോട് ബിനോയ് വിശ്വത്തിന്‍റെ ചോദ്യം, 'മോദിയുടെ അവകാശവാദം പൊള്ളയും വഞ്ചനാപരവും'
16 ടയറുള്ള കൂറ്റൻ ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം; അപകടം ടോൾ പ്ലാസക്ക് മുന്നിൽ