'സച്ചിൻ ടെൻഡുൽക്കറുമായിട്ടാകും സംസാരിച്ചത്'; ബിജെപി വാദം തള്ളി സച്ചിൻ പൈലറ്റ്

By Web TeamFirst Published Jun 11, 2021, 5:52 PM IST
Highlights

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്കെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ അവകാശവാദം തെറ്റെന്ന് സച്ചിൻ പൈലറ്റ്.

ജയ്പൂർ: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്കെന്ന ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷിയുടെ അവകാശവാദം തെറ്റെന്ന് സച്ചിൻ പൈലറ്റ്.  താൻ സച്ചിനുമായി സംസാരിച്ചെന്നും കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തനായ അദ്ദേഹം ഉടൻ ബിജെപിയിൽ ചേരും എന്നുമായിരുന്നു റീത്ത പറഞ്ഞത്.

എന്നാൽ റീത്ത ബഹുഗൂണ അവകാശപ്പെടുന്നത് സച്ചിനുമായി സംസാരിച്ചു എന്നാണ്. ഒരുപക്ഷെ അവർ സംസാരിച്ചത് സച്ചിൻ ടെൻഡുൽക്കറുമായിട്ടാകും. എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ലെന്നുമായിരുന്നു സച്ചിന്റെ വാക്കുകൾ. കഴിഞ്ഞ ജൂലൈയിൽ  മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി പരസ്യ പ്രതിഷേധവുമായി സച്ചിൻ രംഗത്തെത്തിയിരുന്നു. ഈ സമയത്ത് സച്ചിൻ ബിജെപിയുമായി അടുക്കുന്നുവെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

യുപിയിലെ  പ്രമുഖ കോൺഗ്രസ് നേതാവ് ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരുകൾ അഭ്യൂഹങ്ങളായി പുറത്തുവരികയും ചെയ്തിരുന്നു.   അതേസമയം ജിതിൻ പ്രസാദയുടെ കൂടുമാറ്റത്തോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനം  ശക്തമാവുകയാണ്. 

പാർട്ടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കപിൽ സിബലും പാരമ്പര്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വീരപ്പമൊയ് ലിയും വിമർശിച്ചു. അതേസമയം രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉയർത്തുന്ന എതിർപ്പ് പാർട്ടിക്ക് വീണ്ടും തലവേദനയാവുകയാണ്,

ജിതിൻ പ്രസാദയുടെ പേര് പറയാതെ  പ്രമുഖ നേതാവ് പാർട്ടിയിൽ ചേരുമെന്നായിരുന്നു ഇന്നലത്തെ ബിജെപിയുടെ ട്വീറ്റ്.  ജിതിൻ പ്രസാദ പാർട്ടി വിട്ടതോടെ രാഷ്ട്രീയ ശ്രദ്ധ രാജസ്ഥാനിലേക്ക് മാറുകയാണ്. സച്ചിൻ പൈലറ്റ് ഉയർ‍ത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻറ് രൂപികരിച്ച സമിതി ഇതു വരെ ചേർന്നിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!