പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളും ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള സൗകര്യം പോലുള്ള പരിഷ്കാരങ്ങളും പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേഡ് ഡിഡക്ഷൻ ഇളവ് ഉയർത്താനും സാധ്യതയുണ്ട്.
ദില്ലി: ധനമന്ത്രി നിർമല സീതാരാമന്‍റെ ഇക്കൊല്ലത്തെ ബജറ്റിലും ആദായ നികുതിയിൽ ചെറിയ ഇളവുകൾക്ക് സാധ്യത. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള ഇളവുകൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. ദമ്പതികൾക്ക് സംയുക്ത ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സൗകര്യം അടക്കം ചില പരിഷ്കാരങ്ങൾക്കും ധനമന്ത്രി തയ്യാറായേക്കും.
2019 ൽ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ പരിധി പന്ത്രണ്ടായി കഴിഞ്ഞ തവണ ഉയർത്തിയത് മധ്യവർഗ്ഗത്തിൻറെ വൻ സ്വീകാര്യത നേടിയിരുന്നു. ബജറ്റിന് തൊട്ടു പിന്നാലെ നടന്ന ദില്ലി തെരഞ്ഞെടുപ്പിൽ 23 കൊല്ലത്തിനു ശേഷം ബിജെപി അധികാരത്തിൽ എത്തി. ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോഴും അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ധനമന്ത്രിക്ക് മനസ്സിൽ വയ്ക്കേണ്ടി വരും. ഇളവിനുള്ള പന്ത്രണ്ട് ലക്ഷം എന്ന പരിധിയിൽ മാറ്റം വരാൻ സാധ്യതയില്ല. എന്നാൽ പുതിയ നികുതി സമ്പ്രദായത്തിലേക്ക് കൂടുതൽ പേരെ എത്തിക്കാൻ സ്റ്റാൻഡേഡ് ഡിഡക്ഷൻ ഇളവ് ഉയർത്താനുള്ള ആലോചനയുണ്ട്. നിലവിലെ എഴുപത്തയ്യായിരത്തിൽ നിന്ന് ഇത് ഒരു ലക്ഷമായി ഉയർത്തും എന്നാണ് പ്രതീക്ഷ.
ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകിയേക്കും
കുടുംബത്തെ ഒറ്റ യൂണിറ്റായി കണ്ട് ദമ്പതികൾക്ക് സംയുക്ത റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നല്കുക എന്ന നിർദ്ദേശവും ധനമന്ത്രിക്ക് മുന്നിലുണ്ട്. ഇതംഗീകരിച്ചാൽ ഇവർക്കുള്ള വ്യത്യസ്ത സ്ലാബുകളും ധനമന്ത്രി പ്രഖ്യാപിക്കും. പഴയ നികുതി സമ്പദായത്തിനു കീഴിലെ മെഡിക്കൽ ഇൻഷുറൻസ് ഇളവ് ഇരട്ടിയാക്കിയേക്കും. വസ്തുക്കളും ഓഹരിയും ഒക്കെ വില്ക്കുമ്പോൾ കിട്ടുന്ന ലോംഗ് ടേം കാപിറ്റൽ ഗെയിൻസ് നികുതിക്ക് ഇളവിനുള്ള പരിധി രണ്ട് ലക്ഷം ആയി ഉയർത്തിയേക്കും എന്ന അഭ്യൂഹമുണ്ട്. അമേരിക്കൻ തീരുവ രാജ്യത്തെ പല മേഖലകളെയും ബാധിച്ചിരിക്കെ ആണ് ബജറ്റ് വരുന്നത്. തമിഴ്നാട്ടിലെ ടെക്സ്റ്റൈൽസ് മേഖലയ്ക്കടക്കം അതിനാൽ ആശ്വാസ പാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കുന്നു


