അപകടത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവം; അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടിയെന്ന് യോഗി ആദിത്യനാഥ്

By Web TeamFirst Published May 16, 2020, 7:01 PM IST
Highlights

സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം വീടുകളിലെത്താന്‍ തൊഴിലാളികള്‍ ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും കൂട്ടത്തോടെ യാത്ര ചെയ്യുന്നത് പതിവായിരിക്കുകയാണ്. 

ലഖ്‌നൗ: ട്രക്കുകള്‍ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകളെ കടത്തുന്ന എല്ലാ അനധികൃത വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഔറയ്യ എന്ന സ്ഥലത്തുവെച്ചാണ് 24 കുടിയേറ്റ തൊഴിലാളികള്‍ വാഹനാപകടത്തില്‍ മരിച്ചത്. ബിഹാറിലേക്ക് നടന്നുപോകുകയായിരുന്ന കുടിയേറ്റ തൊഴിലാളികളായ ദമ്പതികള്‍ ഉന്നാവിലും അപകടത്തില്‍ മരിച്ചു. 

അപകടത്തെ തുടര്‍ന്ന് മഥുര, ആഗ്ര ചുമതലയുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ഇരുവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുകയായിരുന്ന 16 തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് ശേഷം ഉണ്ടാകുന്ന അപകടമാണ് ഉത്തര്‍പ്രദേശിലേത്. സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം വീടുകളിലെത്താന്‍ തൊഴിലാളികള്‍ ട്രക്കുകളിലും മറ്റ് വാഹനങ്ങളിലും കൂട്ടത്തോടെ യാത്ര ചെയ്യുന്നത് പതിവായിരിക്കുകയാണ്.
 

click me!