ദുരിതം തീരാതെ തൊഴിലാളികള്‍; തളര്‍ന്ന മകനെ സ്ട്രെക്ചറില്‍ ചുമന്ന് കുടുംബം നടന്നത് 15 ദിവസം

By Web TeamFirst Published May 16, 2020, 11:04 AM IST
Highlights

ദിവസക്കൂലിക്ക് പണിയെടുക്കുന്നവരായിരുന്നു എല്ലാവരും. ലോക്ക്ഡൗണ്‍ ആയതോടെ തൊഴില്‍ ഇല്ലാതെയായി. തൊഴിലിടത്തില്‍ ഇനി ആശ്രയമില്ലെന്ന് കണ്ടതോടെ...

ദില്ലി: മരക്കൊമ്പുകൊണ്ട് കെട്ടിയുണ്ടാക്കിയ സ്ച്രെക്ചറില്‍ ഗുരുതര രോഗം ബാധിച്ച കുട്ടിയുമായി നടന്നുനീങ്ങുന്ന രക്ഷിതാക്കള്‍. ഇന്ത്യയിലെ ഒരു തെരുവില്‍ നിന്നുള്ള കാഴ്ചയാണ്. ആവരുടെ പക്കല്‍ ഭക്ഷണമില്ല, പണമില്ല, കിലോമീറ്ററോളം നടക്കാനുള്ള അവരുടെ കാലുകളില്‍ ചെരുപ്പ് പോലുമില്ല. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് മധ്യപ്രദേശിലെ സിംഗ്രോലിയിലേക്ക് 1300 കിലോമീറ്റര്‍ ദൂരമുണ്ട്. 

ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് വീടെത്താന്‍ ഇവര്‍ക്ക് പൊലീസ് സഹായം ചെയ്തുകൊടുത്തു. എന്നാല്‍ അതുവരെ 800 കിലോമീറ്ററാണ് ഇവര്‍ നടന്നത്. 15 ദിവസമായി തുടരുന്ന നടത്തമാണെന്നാണ് അതിഥി തൊഴിലാളികളായ ഇവര്‍ പറയുന്നത്. ലുധിയാനയില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്നവരായിരുന്നു എല്ലാവരും. 

ലോക്ക്ഡൗണ്‍ ആയതോടെ തൊഴില്‍ ഇല്ലാതെയായി. തൊഴിലിടത്തില്‍ ഇനി ആശ്രയമില്ലെന്ന് കണ്ടതോടെ നാട്ടിലേക്ക് മടങ്ങുകയാണ് ഇവര്‍. സ്ട്രക്ചറില്‍ ഉള്ള കുട്ടിയുടെ കഴുത്ത് ഒടിഞ്ഞതാണ്. അവന് ചലിക്കാനാവില്ല. ആരും വയറുനിറച്ച് ആഹാരം കഴിച്ചിട്ടില്ലെന്നും കൂട്ടത്തില്‍ ഒരാള്‍ എന്‍ഡിടിവിയോട് പറഞ്ഞു. 

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് നാട്ടിലെത്താനായി പല വഴിയില്‍ സഞ്ചരിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് അനധികൃതമായി യാത്ര ചെയ്യാന്‍ ശ്രമിച്ച നിരവധി പേരെ പൊലീസ് പിടികൂടി ക്വാറന്‍റൈനില്‍ ആക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ആയിരക്കണക്കിന് ദൂരം സൈക്കിള്‍ ചവിട്ടിയും നടന്നും നിരവധി പേര്‍ വീട്ടിലെത്താന്‍ ശ്രമിച്ചു. ചിലര്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണും അപകടത്തില്‍പ്പെട്ടും മരിച്ചു. 

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്നും അവര്‍ കാല്‍നടയായോ റെയില്‍വെ ട്രാക്കിലൂടെയോ യാത്ര ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

click me!