'കുടിയേറ്റ തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങി'; വ്യവസായ ശാലകളിലേക്ക് എത്തണമെന്ന് തദ്ദേശീയരോട് ഉദ്ധവ് താക്കറെ

By Web TeamFirst Published May 19, 2020, 10:57 AM IST
Highlights

സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. ഗ്രീന്‍ സോണുകളിലുള്ള വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ ഏറ്റെടുക്കാന്‍ തദ്ദേശീയര്‍ തയ്യാറാകണമെന്ന് ഉദ്ധവ്

മുംബൈ: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ വ്യവസായ ശാലകളിലേക്ക് എത്താന്‍ മഹാരാഷ്ട്രയുടെ പുത്രന്മാരോട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആത്മനിര്‍ഭറിന്‍റെ പാതയിലേക്ക് സംസ്ഥാനത്തെ എത്തിക്കാന്‍ മണ്ണിന്‍റെ മക്കള്‍ വ്യവസായ ശാലകളിലേക്കെത്തണമെന്നാണ് ഉദ്ധവ് ഇന്നലെ ആവശ്യപ്പെട്ടത്. 

ഇന്നലെ വൈകുന്നേരം വെബ്കാസ്റ്റിനിടയിലാണ് ഉദ്ധവ് ഈ ആവശ്യം മുന്നോട്ട് വച്ചത്. കുടിയേറ്റ തൊഴിലാളികള്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയാണ്. മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാനായി തദ്ദേശീയര്‍ മുന്നോട്ട് വരണം. സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. ഗ്രീന്‍ സോണുകളിലുള്ള വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ ഏറ്റെടുക്കാന്‍ തദ്ദേശീയര്‍ തയ്യാറാകണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍‌ ഇത് മഹാരാഷ്ട്രയെ ആത്മനിര്‍ഭര്‍(സ്വയം പര്യാപ്തത) കൈവരിക്കാനാണെന്നും സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് ഉദ്ധവ് താക്കറെ പറഞ്ഞു. 

40000 ഏക്കര്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ക്കായി നീക്കി വയ്ക്കുകയാണെന്ന് ഉദ്ധവ് വ്യക്തമാക്കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വ്യവസായ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ സാഹചര്യത്തിലാണ് ഈ നീക്കമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മാലിന്യമുണ്ടാകാതെയുള്ള വ്യവസായങ്ങള്‍ക്ക് നിബന്ധനകള്‍ ഇല്ലാതെ അനുമതി നല്‍കുമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. ഈ സ്ഥാപനങ്ങള്‍ക്കുള്ള ഒറ്റ നിബന്ധന മാലിന്യം ഉണ്ടാവരുതെന്നാണെന്നും ഇത്തരം വ്യവസായങ്ങള്‍ക്കായി ഭൂമി സംസ്ഥാനം ലഭ്യമാക്കുമെന്നും ഉദ്ധവ് പറഞ്ഞു. 

click me!