'വീട്ടിലെത്താൻ 1000 കിലോമീറ്റർ; പോക്കറ്റിലാകെയുള്ളത് പത്ത് രൂപ'; ദുരിതയാതനയിൽ അതിഥി തൊഴിലാളി

By Web TeamFirst Published May 12, 2020, 12:56 PM IST
Highlights

കഴിഞ്ഞ ആഴ്ച റെയില്‍പാളത്തിലൂടെ കാല്‍നടയായി നാട്ടിലേക്ക് തിരിച്ച 16  തൊഴിലാളികള്‍ ചരക്കു തീവണ്ടിയിടിച്ച് മരിച്ചിരുന്നു. ട്രക്കില്‍ നാട്ടിലെത്താൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചിരുന്നു.

ലഖ്നൗ: 'എന്റെ പ‌ോക്കറ്റിൽ ഇനി ആകെ‌ അവശേഷിക്കുന്നത് പത്ത് രൂപയാണ്. ആഗ്രയില്‍ നിന്ന് ലഖ്‌നൗ വരെ ട്രക്കിലാണ് വന്നത്. ട്രക്ക് ഡ്രൈവര്‍ക്ക് നാനൂറ് രൂപ കൊടുക്കേണ്ടി വന്നു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.' ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളിയായ ഓംപ്രകാശ് പറയുന്നു. ഇത് പറയുമ്പോൾ ഈ ഇരുപത് വയസ്സുകാരന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ നിര്‍മാണ തൊഴിലാളിയാണ് ഓം പ്രകാശ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇയാളുടെ ജോലി നഷ്ടപ്പെട്ടു. കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. അങ്ങനെയാണ് 1000കിലോമീറ്റർ ദൂരത്തുള്ള ബീഹാറിലെ സരണിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഓംപ്രകാശ് തീരുമാനിച്ചത്. 

ആ​ഗ്ര വരെ 200 കിലോമീറ്റർ നടന്നാണ് എത്തിയത്. അവിടെ നിന്ന് ലഖ്നൗ വരെ ഒരു ട്രക്ക് ലഭിച്ചു. ഇനിയും കിലോമീറ്ററുകൾ ദൂരത്താണ് ഓംപ്രകാശിന്റെ ​ഗ്രാമമായ സരൺ. ഓം പ്രകാശിനെ പോലെ നിരവധി അതിഥി തൊഴിലാളികളാണ് ലഖ്‌നൗവിന് സമീപമുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം വന്നെത്തിയിരിക്കുന്നത്. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോയാൽ മതിയെന്ന് ആ​ഗ്രഹിച്ചാണ് ഇവരെല്ലാം ഇവിടെയെത്തിയിരിക്കുന്നത്. ട്രക്ക് ഡ്രൈവർമാർക്ക് അധിക പണം നൽകിയാണ് മിക്കവരുടെയും യാത്ര. 

എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അതിഥി തൊഴിലാളികളെ ട്രക്കില്‍ കയറ്റി എത്തേണ്ടിടത്ത് എത്തിക്കുന്ന നല്ല മനുഷ്യരുമുണ്ട്.' ജോലിയും പണവുമില്ലാതെ വീട്ടിലേക്ക് മടങ്ങുന്നവരില്‍ നിന്ന് പണം വാങ്ങാൻ എന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല.' ട്രക്ക് ഡ്രൈവറായ മഹേന്ദര്‍ കുമാറിന്റെ വാക്കുകൾ. ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ബസുകളും ഏര്‍പ്പെടുത്തിയിരുന്നു. 

ഇപ്പോഴും നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നും സൈക്കിളിലും സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ നിരവധിയാണ്‌. കഴിഞ്ഞ ആഴ്ച റെയില്‍പാളത്തിലൂടെ കാല്‍നടയായി നാട്ടിലേക്ക് തിരിച്ച 16  തൊഴിലാളികള്‍ ചരക്കു തീവണ്ടിയിടിച്ച് മരിച്ചിരുന്നു. ട്രക്കില്‍ നാട്ടിലെത്താൻ ശ്രമിക്കുന്നതിനിടെ വാഹനാപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചിരുന്നു. ഇതു കൂടാതെ കാൽനടയായി യാത്ര ചെയ്യുന്നതിനിടെ പാതിവഴിയിൽ വീണു മരിച്ചവരും നിരവധിയാണ്. 

click me!