ലോക്ക്ഡൗൺ നീട്ടിയേക്കും; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Published : May 12, 2020, 12:25 PM ISTUpdated : May 12, 2020, 01:29 PM IST
ലോക്ക്ഡൗൺ നീട്ടിയേക്കും; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Synopsis

ഇന്ന് രാത്രി എട്ട് മണിക്ക് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പിഎംഒ

ദില്ലി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക് ഡൌണ് നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്ഫറനസ് വഴി ചർച്ച നടത്തിയിരുന്നു.

കൊവിഡ് അതിതീവ്രമായി ബാധിച്ച മേഖലകളിൽ ലോക്ക് ഡൌണ് കർശനമായി തുടരാനും രോഗബാധ നിയന്ത്രിക്കപ്പെട്ട മേഖലകളിൽ വിപുലമായ ഇളവുകൾ നൽകി ലോക്ക് ഡൌണ് നീട്ടാനുമാണ് ഇന്നലത്തെ ചർച്ചയിലുണ്ടായ ധാരണ. മെയ് 17-നാണ് ലോക്ക് ഡൌണ് മൂന്നാം ഘട്ടം അവസാനിക്കുന്നത്. 

രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിളിച്ച യോഗത്തിൽ മുതിർന്ന മന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു.

ഗുരുതരമായി രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളല്ലെങ്കിൽ അവിടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും. എന്നാൽ റെഡ്, കണ്ടെയ്ൻമെന്‍റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകൾ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

''ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തിൽ നൽകിയതിനേക്കാൾ ഇളവുകൾ കൂടുതലായി നാലാംഘട്ടത്തിൽ നൽകാവുന്നതാണ്'', പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകുമെന്നാണ് വിവരം. ആറ് സംസ്ഥാനങ്ങളാണ് യോഗത്തിൽ ലോക്ക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടത്. 

ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടപ്പോൾ, കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാൽ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളിൽ നിൽക്കുന്ന ഗുജറാത്ത് ലോക്ക്ഡൗൺ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണിൽ ഇളവുകളാകാമെങ്കിലും, ട്രെയിൻ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണെന്ന നിലപാടുമായി രൂക്ഷവിമർശനമുയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർ‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു. 

തീവണ്ടിസർവീസുകൾ തുടങ്ങിയതിനെതിരെ ശക്തമായ വിയോജിപ്പാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ഉയർത്തിയത്. കൃത്യമായ പദ്ധതിയില്ലാതെ തീവണ്ടി സർവീസുകൾ അനുവദിക്കരുതെന്ന് ചന്ദ്രശേഖർ റാവു ആവശ്യപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി സോണുകൾ വിഭജിക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാൻ അനുമതി വേണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു കാരണവശാലും ലോക്ക്ഡൗൺ പിൻവലിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പൊലീസ് സേനയ്ക്ക് വിശ്രമം അനുവദിക്കാൻ കേന്ദ്രപൊലീസ് സേനയെ വിവിധ സംസ്ഥാനങ്ങളിലായി നിയോഗിക്കണമെന്നും അന്തർസംസ്ഥാനയാത്രകൾ കർശനമായി നിയന്ത്രിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

രണ്ടാഴ്ച കൂടി, അതായത് മെയ് 31- വരെ ലോക്ക്ഡൗൺ നീട്ടണമെന്നാണ് ബിജെപി ഭരിക്കുന്ന അസം ആവശ്യപ്പെട്ടത്. അന്തർസംസ്ഥാനയാത്ര പാടില്ലെന്നും സർബാനന്ദ സോനോവാൾ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യാത്രകൾ മെയ് അവസാനം വരെ അനുവദിക്കരുതെന്നായിരുന്നു കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ആവശ്യം. യാത്രാ നിയന്ത്രണം തുടരണമെന്ന് മേഘാലയം നിലപാട് എടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കേന്ദ്ര ഏജൻസികളിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന; 'ജനങ്ങളെയും ഭരണഘടനയേയും സംരക്ഷിക്കണം'
ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസ്താവന; കോൺ​ഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധം ശക്തം