
ദില്ലി: കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്ത ന്യൂസ് ഫോട്ടോയായിരുന്നു കുടിയേറ്റ തൊഴിലാളി വീട്ടിലേക്ക് ഫോണ്‍ വിളിച്ച് പൊട്ടിക്കരയുന്ന ചിത്രം. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളിയുടെ എല്ലാ ദൈന്യതയും ഉള്‍ക്കൊള്ളുന്നതാണ് പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് പകര്‍ത്തിയ ചിത്രം. ദില്ലി നിസാമുദ്ദീന്‍ പാലത്തില്‍നിന്നാണ് അതുല്‍ യാദവ് കുടിയേറ്റ തൊഴിലാളിയായ രാംപുകര്‍ പണ്ഡിറ്റിന്റെ ചിത്രം പകര്‍ത്തിയത്.
ബിഹാറിലെ ബാഗുസാരായിയിലാണ് രാംപുകറിന്റെ വീട്. ദില്ലിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെ. ലോക്ക്ഡൗണില്‍ വീടണയുക മാത്രമല്ല, അസുഖബാധിതനായി മരണം കാത്ത് കിടക്കുന്ന മകനെ ഒരുനോക്ക് കാണാന്‍ സാധിക്കാത്തതിലുമുള്ള വിഷമമാണ് രാംപുകറില്‍ അണപൊട്ടിയത്. ചിത്രം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിച്ചതോടെ രാംപുകര്‍ ശ്രദ്ധാകേന്ദ്രമായി. ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റുള്ളവരുടെ സഹായത്തോടെ രാംപുകര്‍ തന്റെ നാട്ടിലെത്തി. എന്നാല്‍, മകനെ ജീവനോട് ഒരുനോക്ക് കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹമിപ്പോള്‍ ബെഗുസാരായിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ്. ദില്ലിയിലെ നിര്‍മാണ തൊഴിലാളിയാണ് രാംപുകര്‍.
എന്റെ മകന് ഒരു വയസ്സ് പോലും ആയിട്ടില്ല. അവന്റെ അസുഖവാര്‍ത്ത എന്നെ തളര്‍ത്തി. നാട്ടിലെത്താന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടും സമ്മതിച്ചില്ല. എനിക്ക് നിയന്ത്രിക്കാനായില്ല. ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. പലരും സഹായത്തിനെത്തി. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ കാറില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. എന്നാല്‍, പൊലീസ് അനുവദിച്ചില്ല. പിന്നെ ഒരു സ്ത്രീയെത്തി എല്ലാ സൗകര്യങ്ങളും ഒരുക്കി. അവരെനിക്ക് അമ്മയെപ്പോലെയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഞാന്‍ ബെഗുസാരായിയിലെത്തിയത്. മകന്‍ ഇല്ലാത്ത വീട്ടില്‍ പോകുന്നത് എനിക്ക് ആലോചിക്കാന്‍ പോലും ആകുന്നില്ല- രാംപുകര്‍ പറഞ്ഞു. ദില്ലിയില്‍ നിര്‍മാണ തൊഴിലാളിയാണ് രാംപുകര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam