
മഹാരാഷ്ട്ര: ഭക്ഷണത്തിന് വേണ്ടി ട്രെയിനിനുള്ളിൽ അടിപിടി കൂടുന്ന അതിഥിത്തൊഴിലാളികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. ചിലർക്ക് അടിപിടിയിൽ പരിക്കേറ്റിട്ടുണ്ട്. അതിഥി തൊഴിലാളികളെയും വഹിച്ച് ബീഹാറിലേക്ക് യാത്ര തിരിച്ച ട്രെയിൻ സത്നയിലെത്തിയപ്പോഴാണ് ഭക്ഷണ വിതരണത്തെച്ചൊല്ലി ഇവർ തമ്മിൽ സംഘർഷമുണ്ടായത്. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നും 1200 അതിഥി തൊഴിലാളികളെയും കൊണ്ടാണ് യാത്ര ആരംഭിച്ചത്.
ഭക്ഷണം ലഭിച്ചില്ല എന്നാണ് അടിപിടിക്ക് കാരണമായി ഇവർ പറയുന്നത്. 24 പാക്കറ്റ് ഭക്ഷണം വിതരണം ചെയ്യുന്നത് ഞാൻ കണ്ടു. ആ കംപാർട്ട്മെന്റിലെ എല്ലാവർക്കും ഭക്ഷണം കിട്ടി. ഞങ്ങൾക്കിതുവരെ ഒന്നും കിട്ടിയില്ല. കൂട്ടത്തിലൊരാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കേൾക്കാം. തർക്കത്തിലാണ് ആദ്യം പ്രശ്നം ആരംഭിച്ചത്. പിന്നീടത്, ശാരീരിക അക്രമത്തിലേക്ക് എത്തുകയായിരുന്നു. തൊഴിലാളികൾ പരസ്പരം ഇടിക്കുന്നതും തൊഴിക്കുന്നതും കാണാം. ചിലർ ബെൽറ്റ് ഉപയോഗിച്ചാണ് ആക്രമിക്കുന്നത്.
കൊറോണ രോഗബാധയെ ഭയന്ന് റെയിൽവേ ഉദ്യോഗസ്ഥർ ആരും ഇവരുടെ പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ല. പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് ട്രെയിനിന്റെ ജനലിൽ ലാത്തി ഉപയോഗിച്ച് തട്ടി ഇവരോട് ശാന്തരാകാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇവരാരും തന്നെ ചെവിക്കൊള്ളുന്നില്ല. പിന്നീട് പൊലീസ് എത്തി ഇവരെ ശാന്തരാക്കിയാണ് യാത്ര തുടർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam