രണ്ട് ദിവസം നീണ്ട പോരാട്ടം: നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ഇന്ത്യ വധിച്ചു, നാല് സൈനികർക്ക് പരിക്ക്

By Web TeamFirst Published Sep 27, 2021, 11:46 PM IST
Highlights

സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ തിരിച്ചടിച്ചു. പോരാട്ടം രണ്ട് ദിവസത്തോളം നീണ്ടതായാണ് ഇവിടെ നിന്നുള്ള വിവരം

ശ്രീനഗർ: ജമ്മു കശ്മീരിലെ (Jammu and Kashmir) ബാരാമുള്ളയിൽ (Baramulla) ഭീകരരുടെ (Terrorists) നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം (Indian Army) പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. നാല്  സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തിയിൽ ഉറി സെക്ടറിലെ അതിർത്തിക്ക് സമീപത്തൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. പ്രദേശത്ത് സംശയകരമായ ചലനങ്ങൾ കണ്ടതോടെയാണ് സൈനികർ പരിശോധന നടത്തിയത്.

സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ തിരിച്ചടിച്ചു. പോരാട്ടം രണ്ട് ദിവസത്തോളം നീണ്ടതായാണ് ഇവിടെ നിന്നുള്ള വിവരം. ഭീകരനെ വധിച്ച ശേഷം ഇന്ത്യൻ സൈനികർ പ്രദേശത്ത് നിരീക്ഷണം കൂടുതൽ ഊർജ്ജിതമാക്കിയതായാണ് വിവരം. രണ്ട് ദിവസങ്ങൾക്ക് മുൻപും ഇതേ ഭാഗത്ത് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായിരുന്നു. മൂന്ന് ഭീകരരെ സെപ്തംബർ 23 ന് സൈന്യം വധിക്കുകയും ചെയ്തു. ഇവരിൽ നിന്ന് അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവ കണ്ടെത്തി. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം ഇവരെ പരാജയപ്പെടുത്തിയത്. ഒരു സൈനികനും ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.

ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. ഇടവേളയ്ക്ക് ശേഷം അതിർത്തിയിൽ ഇപ്പോൾ സംഘർഷം വളരെ രൂക്ഷമാണ്. കശ്മീരിലെ  പൊതുപ്രവർത്തകർ, സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ തെരഞ്ഞു പിടിച്ച് വധിക്കുകയെന്ന ശൈലിയാണ് ഭീകരർ സ്വീകരിക്കുന്നത്.

അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റവും രൂക്ഷമാണ്. മഞ്ഞുകാലം തുടങ്ങുന്നതിന് മുൻപ് കൂടുതൽ തീവ്രവാദികൾ അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യയിപ്പോൾ.

click me!