ഇങ്ങനെ വേണം മറുപടി പറയാന്‍; വിമര്‍ശകരുടെ വായടപ്പിച്ച്‌ ബംഗാളിന്റെ ഗ്ലാമറസ്‌ എംപിമാര്‍!

Published : May 28, 2019, 10:01 AM ISTUpdated : May 28, 2019, 10:17 AM IST
ഇങ്ങനെ വേണം മറുപടി പറയാന്‍; വിമര്‍ശകരുടെ വായടപ്പിച്ച്‌ ബംഗാളിന്റെ ഗ്ലാമറസ്‌ എംപിമാര്‍!

Synopsis

പ്രചാരണത്തിന്‌ ജീന്‍സ്‌ ധരിച്ചെത്തിയതിന്റെ പേരില്‍ തങ്ങളെ അധിക്ഷേപിച്ചവര്‍ക്ക്‌ പാര്‍ലമെന്റിലെ ആദ്യദിനം തന്നെ അതേ നാണയത്തില്‍ തിരിച്ചടി നല്‌കിയിരിക്കുകയാണ്‌ ഈ യുവ എംപിമാര്‍.

ദില്ലി: തെരഞ്ഞെടുപ്പ്‌ പ്രചാരണ കാലത്ത്‌ വസ്‌ത്രധാരണരീതിയുടെ പേരില്‍ ചില്ലറ ആക്ഷേപങ്ങളൊന്നുമല്ല തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളായിരുന്ന മിമി ചക്രബര്‍ത്തിയും നുസ്രത്ത്‌ ജഹാനും നേരിട്ടത്‌. വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും ബംഗാളി നടികളായ ഇരുവര്‍ക്കുമെതിരെയുള്ള ട്രോളുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. എന്നാല്‍, തങ്ങളെ അധിക്ഷേപിച്ചവര്‍ക്ക്‌ പാര്‍ലമെന്റിലെ ആദ്യദിനം തന്നെ അതേ നാണയത്തില്‍ തിരിച്ചടി നല്‌കിയിരിക്കുകയാണ്‌ ഈ യുവ എംപിമാര്‍. പ്രചാരണത്തിന്‌ ജീന്‍സ്‌ ധരിച്ചെത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട താരങ്ങള്‍ കിടിലന്‍ ന്യൂജെന്‍ ലുക്കില്‍ത്തന്നെയാണ്‌ പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ പടികള്‍ കയറിയത്‌!

സല്‍വാര്‍ ധരിച്ച്‌ ഗ്ലാമറസ്സായി പ്രചാരണത്തിനെത്തിയതോടെയാണ്‌ മിമി ചക്രബര്‍ത്തിക്ക്‌ നേരെ വിമര്‍ശനങ്ങളുയര്‍ന്നത്‌. ജനപ്രതിനിധിയാകാന്‍ തയ്യാറെടുക്കുന്ന സ്‌ത്രീക്ക്‌ യോജിച്ച വസ്‌ത്രമാണോ ഇത്‌ എന്ന്‌ ചോദിച്ചായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മിമിയ്‌ക്കെതിരെ ആക്ഷേപമുയര്‍ന്നത്‌. ജീന്‍സ്‌ ധരിച്ച്‌ പ്രചാരണത്തിനെത്തിയതിന്റെ പേരിലും കടുത്ത വിമര്‍ശനങ്ങള്‍ മിമി നേരിടേണ്ടിവന്നു. ഇതിനിടെ, മിമിയും നുസ്രത്ത്‌ ജഹാനും ഒന്നിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗ്ലാമര്‍ വേഷത്തിലുള്ള പ്രകടനം വലിയ എതിര്‍പ്പിന്‌ കാരണമാവുകയും ചെയ്‌തു.

മേല്‍വസ്‌ത്രം ഇല്ലാതെ നൃത്തം ചെയ്‌താലും വോട്ട്‌ ചെയ്യില്ലെന്നും മറ്റുമുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങളായിരുന്നു ഇതേത്തുടര്‍ന്ന്‌ ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്‌. എന്നാല്‍, തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ ഇരുവരും വിജയിച്ചു. അതിനു ശേഷവും ഇതേ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച്‌ വിവാദത്തിലായവരില്‍ ബോളിവുഡ്‌ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുമുണ്ടായിരുന്നു. വൗ...ബംഗാളില്‍ നിന്നുള്ള പുതിയ എംപിമാര്‍ മിമി ചക്രബര്‍ത്തിയും നുസ്രത്ത്‌ ജഹാനും . ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്‌. സുന്ദരിമാരായ എംപിമാരെ കാണാനാവുന്നതില്‍ ആശ്വാസമുണ്ട്‌ എന്ന പരിഹാസത്തോടെയായിരുന്നു അദ്ദേഹം വീഡിയോ ട്വീറ്റ്‌ ചെയ്‌തത്‌.


ഇതിനെല്ലാം ചുട്ട മറുപടി നല്‌കിക്കൊണ്ടാണ്‌ ആദ്യ ദിനം തന്നെ ഇരുവരും പാര്‍ലമെന്റിലെത്തിയത്‌. ജീന്‍സും വെള്ള ഷര്‍ട്ടുമായിരുന്നു മിമി അണിഞ്ഞത്‌. ന്യൂജെന്‍ ലുക്കില്‍ പാന്റ്‌സും ടോപ്പും ധരിച്ചാണ്‌ നുസ്രത്തും എത്തിയത്‌. പാര്‍ലമെന്റ്‌ മന്ദിരത്തിന്‌ മുന്നില്‍ നിന്ന്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യാനും ഇരുവരും മറന്നില്ല. ജാദവ്‌പൂര്‍ മണ്ഡലത്തില്‍ നിന്നാണ്‌ 3,50,369 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മിമി ചക്രബര്‍ത്തി വിജയിച്ചത്‌. ബസീര്‍ഹട്ടില്‍ നനിന്നാണ്‌ 2,95,239 വോട്ടുകള്‍ക്ക്‌ വിജയിച്ച്‌ നുസ്രത്ത്‌ ജഹാന്‍ ലോക്‌സഭയിലെത്തിയത്‌.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരക്കിനിടെ ആരോ മാലയിൽ പിടിച്ചുവലിച്ചതായി എഎസ്ഐ: കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥയുടെ 5 പവൻ മാല കവർന്നു, സംഭവം കർ‌ണാടകയിൽ
കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി