
ന്യൂഡൽഹി: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ.
കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിൻ പരീക്ഷണം പൂർത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 11 ത്രീ-ടയർ എസി കോച്ചുകൾ (611 സീറ്റുകൾ), 4 ടൂ-ടയർ എസി കോച്ചുകൾ (188 സീറ്റുകൾ), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകൾ) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണ്.
യാത്രാ നിരക്ക് (ഭക്ഷണം ഉൾപ്പെടെ):
ത്രീ-ടയർ എസി: ഏകദേശം 2,300 രൂപ
ടൂ-ടയർ എസി: ഏകദേശം 3,000 രൂപ
ഫസ്റ്റ് ക്ലാസ് എസി: ഏകദേശം 3,600 രൂപ
യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങൾ
ബെര്‍ത്തുകളുടെ കുഷ്യൻ സൗകര്യം വർദ്ധിപ്പിക്കുകയും ശബ്‍ദമലിനീകരണം കുറയ്ക്കാനുള്ള ആധുനിക സസ്പെൻഷൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന 'കവച്' (Kavach) സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ 'ടോക്ക് ബാക്ക്' സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോച്ചുകളിൽ അണുനശീകരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡോറുകൾ, വിശാലമായ ഉൾവശം, വായുസഞ്ചാരമുള്ള ഇന്റീരിയർ, എയറോഡൈനാമിക് ഡിസൈൻ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ബിസിനസ്സ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ സർവീസ് രാത്രികാല യാത്രകളിൽ പുതിയൊരു മാറ്റം കൊണ്ടുവരുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam