' അറിവിന് മുന്നിൽ അരിസ്റ്റോട്ടിലും ആര്യഭടനും വരെ തലകുനിക്കും'; രാഹുലിനെ പരിഹസിച്ച് മന്ത്രി ഹർഷവർധൻ

By Web TeamFirst Published Jun 16, 2021, 11:40 PM IST
Highlights

കൊവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചതിനെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.

ദില്ലി: കൊവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ചതിനെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. രാഹുലിന്റെ അറിവിന് മുന്നിൽ അരിസ്റ്റോട്ടിലും ആര്യഭടനും വരെ തലകുനിച്ചുപോകുമെന്നായിരുന്നു ഹർഷവർധന്റെ പരിഹാസം. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം വില പോകില്ലെന്നും ഹർഷവർധൻ ട്വീറ്റ് ചെയ്തു.  

വാക്സീൻ ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചത് തീർത്തും ശാസ്ത്രീയവും സുതാര്യവുമായ നടപടിയാണ്. ശാസ്ത്രജ്ഞർ അറിയാതെയാണ് ഈ കാലാവധി നീട്ടിയതെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടിയത് ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിലയിരുത്താൻ ഇന്ത്യക്ക് ശക്തമായ സംവിധാനമുണ്ട്. ഇത്തരം വിഷയങ്ങൾ രാഷ്ട്രീയ വൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഇതേ കാര്യത്തിൽ നേരത്തെ രാഹുൽ ഗാന്ധിയും പ്രതികരണവുമായി എത്തിയിരുന്നു. നേരത്തെ പറഞ്ഞ വാർത്തകളുടെ സ്ക്രീൻഷോട്ട് സഹിതമായിരന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യക്ക് വേണ്ടത് അതിവേഗമുള്ള സമ്പൂർണ്ണ വാക്സിനേഷനാണ്. മറിച്ച് മോദി സർക്കാറിന്റെ മെല്ലെപോക്കിനാൽ രൂപപ്പെട്ട വാക്സീൻ ക്ഷാമം മറയ്ക്കാനുള്ള നുണകളും മുദ്രാവാക്യങ്ങളുമല്ല ആവശ്യം. പ്രധാനമന്ത്രിയുടെ വ്യാജമായ വ്യക്തിത്വത്തെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ രോഗ വ്യാപനത്തിനിടയാക്കുമെന്നും  ജനങ്ങളുടെ ജീവന് വിലകൽപ്പിക്കണമെന്നും രാഹുൽ പറഞ്ഞിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!