Latest Videos

വികസനവും ടെക്നോളജിയും നിര്‍ണായകം: വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

By Web TeamFirst Published Nov 29, 2022, 8:16 PM IST
Highlights

സാങ്കേതികവിദ്യ നിഷ്പക്ഷമാണെന്ന ചിന്താഗതി ഉപേക്ഷിക്കണമെന്നും ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ വിദേശകാര്യമന്ത്രി
 

ഇന്ത്യയുടെ പുരോഗതി രാജ്യത്തിന്‍റെ സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അതുകൊണ്ടു തന്നെ രാഷ്ട്രീയമായി നിക്ഷ്‍പക്ഷമായിരിക്കാൻ കഴിയില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

ജി20 അധ്യക്ഷ പദവി വര്‍ഷങ്ങളായി അവഗണന നേരിടുന്ന ഇന്ത്യ ഉൾപ്പെടുന്ന മേഖലയുടെ താൽപര്യങ്ങള്‍ പ്രകടിപ്പിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.

"ഇന്ത്യയുടെ വികസനവും  സാങ്കേതികവിദ്യാ വികസനവും വളരെ അടുപ്പമുണ്ട്. സെമികണ്ടക്ടറുകള്‍, 5ജി, ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ്, കൊമേഴ്യൽ സ്പേസ്ഫ്ലൈറ്റ്, സാറ്റലൈറ്റ് നിര്‍മ്മാണം എന്നിങ്ങനെ വിവിധകാര്യങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. ഒരുപാട് ധ്രുവങ്ങളുള്ള ലോകക്രമത്തിൽ സാങ്കേതികവിദ്യ നിര്‍ണായകമാണ്. ഇന്ത്യയുടെ ജിയോപൊളിറ്റിക്കൽ സ്വാധീനത്തിൽ ഇത് ശ്രദ്ധേയമാണ്."

സാങ്കേതികവിദ്യ അപ്രസക്തമാണെന്ന് പറയാനാകില്ല - വിദേശകാര്യമന്ത്രി പറഞ്ഞു.

"സാങ്കേതികവിദ്യ നിഷ്പക്ഷമാണെന്ന ചിന്താഗതിയും നമ്മള്‍ ഉപേക്ഷിക്കണം. സാങ്കേതികവിദ്യയാണ് ഒരുപാട് കാര്യങ്ങളെ നിയന്ത്രിക്കുന്നത്. സാങ്കേതികവിദ്യക്ക് ശക്തമായ രാഷ്ട്രീയസ്വഭാവമുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം."

ലോക സമ്പദ് വ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്ക് സാമ്പത്തിക തന്ത്രങ്ങള്‍ സ്വതന്ത്രമാകണം. ഇതിന് എല്ലാ രാജ്യങ്ങളും ഏറ്റവും മികച്ച ടെക്നോളജി  ഉപയോഗിക്കും. ഇതിന് പങ്കാളികളെയും ഇന്ത്യയ്ക്ക് സ്വന്തമായുള്ള ടെക്നോളജിയുടെയും തന്ത്രങ്ങളുടെയും ഗുണമേന്മയും പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിര്‍മ്മിച്ച ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‍ഫോമുകള്‍ സമാനമായ മറ്റു രാജ്യങ്ങളിൽ താൽപര്യം ഉണര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക മേഖലകളിലുള്ള മന്ത്രിതല ചര്‍ച്ചകള്‍ ഇതിനായി നടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 80 കോട ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകാനുള്ള പദ്ധതിയും 45 കോടി ജനങ്ങള്‍ക്കുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‍ഫര്‍ പദ്ധതിയും എസ്. ജയശങ്കര്‍ എടുത്തുപറഞ്ഞു. സാമൂഹിക സുരക്ഷാപദ്ധതികള്‍ വികസിത സമൂഹങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണയാണ് ഇതിലൂടെ ഇന്ത്യ തിരുത്തിയതെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

കാര്‍ണെഗി ഇന്ത്യ സംഘടിപ്പിക്കുന്ന ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്‍റെ ഏഴാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ജിയോപൊളിറ്റിക്സ് ഓഫ് ടെക്നോളജി എന്നതാണ് സമ്മേളനത്തിന്‍റെ പ്രധാന പ്രമേയം.

click me!