'അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ല'; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

By Web TeamFirst Published Dec 7, 2022, 5:20 PM IST
Highlights

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏക പക്ഷീയമായ മാറ്റങ്ങള്‍ വരുത്തരുതെന്നാണ് നയതന്ത്ര തല ചര്‍ച്ചകളിലെ ധാരണ

ദില്ലി : അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്‍റില്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. യുക്രൈൻ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം കിട്ടിയെന്നും എസ് ജയ ശങ്കര്‍ വ്യക്തമാക്കി. ജി20 അധ്യക്ഷതയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇന്ന് തുടങ്ങിയ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം മുന്‍പോട്ട് പോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏക പക്ഷീയമായ മാറ്റങ്ങള്‍ വരുത്തരുതെന്നാണ് നയതന്ത്ര തല ചര്‍ച്ചകളിലെ ധാരണ. മാറ്റങ്ങള്‍ വരുത്താനോ, സേനാ ബലം കൂട്ടാനോ ശ്രമിച്ചാല്‍ ചൈനയുമായുള്ള  ബന്ധം കൂടുതല്‍ മോശമാകുമെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കുറെ നാളുകളായി സാഹചര്യം സാധാരണ നിലയിലല്ല. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. യുക്രെയ്ന്‍ വിഷയത്തിലും ആ നിലപാടാണ് സ്വീകരിച്ചത്.

യുക്രെയെനിലെ  പ്രതിസന്ധിയെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും എസ് ജയശങ്കര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ജി 20 ഉച്ചകോടിയെ കേവലം നയതന്ത്രവിഷയമായി ചുരുക്കാതെ രാജ്യത്തിന്‍റെ ശക്തി ലോകത്തിന് മുന്‍പില്‍ തെളിയിക്കാനുള്ള അവസരമായി കാണണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 

വിലക്കയറ്റം , തൊഴിലില്ലായ്മ, എയിംസ് സര്‍വര്‍ ഹാക്കിംഗ് തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭ ചെയര്‍മാനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ് ദീപ് ധന്‍കറിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. 
Read More : വെല്ലുവിളി ഉയര്‍ത്താനാവാതെ ബിജെപി: രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ അപ്രമാദിത്വം ഉറപ്പിച്ച് ആം ആദ്മി പാര്‍ട്ടി

click me!