ഹിന്ദുവിനും മുസ്ലീമിനും ഇടയിൽ വിഭാ​ഗീയത സൃഷ്ടിക്കുന്നവർക്ക് വോട്ട് നൽകരുത്: അരവിന്ദ് കെജ്രിവാൾ

By Web TeamFirst Published Jan 4, 2020, 3:59 PM IST
Highlights

ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം മതവിഭാ​ഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതൊരു നല്ല രാഷ്ട്രീയമാണെന്നും ഇത്തരം രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദില്ലി: ഹിന്ദുക്കളിലും മുസ്ലീങ്ങളിലും വിഭാ​ഗീയതയും ഭിന്നതയും സൃഷ്ടിക്കുന്നവർക്ക് വോട്ട് നൽകരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ റോസ് അവന്യൂവിൽ സർവ്വോദയ ബാലവിദ്യാലയയിൽ അധ്യാപക-രക്ഷാകർതൃ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ. വിദ്യാഭ്യാസം എന്നത് രാഷ്ട്രീയത്തിന്റെ ഭാ​ഗമായിരിക്കണമെന്നും നല്ല വിദ്യാഭ്യാസം നൽകുന്നവർക്കായിരിക്കണം വോട്ട് നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം മതവിഭാ​ഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതൊരു നല്ല രാഷ്ട്രീയമാണെന്നും ഇത്തരം രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വർഷം ഫെബ്രുവരിയോടെ അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കുകയാണ്. ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകുക എന്ന നയമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺ​ഗ്രസിനുമെതിരെ ആം ആദ്മി പാർട്ടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദല്‍ഹിയില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ സജീവമാക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് ആം ആദ്മിയടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്. വളരെ ക്രിയാത്മകമായിട്ടാണ് ആം ആദ്മി പ്രവർത്തകർ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 
 

click me!