സര്‍ക്കാര്‍ വാഹനത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി; മന്ത്രിയുടെ ഭാര്യയുടെ 2.5 ലക്ഷം രൂപ നഷ്ടപ്പെട്ടു

By Web TeamFirst Published Oct 10, 2019, 10:55 PM IST
Highlights

സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യ ദുരുപയോഗം ചെയ്തത് വിവാദമായി.

ഷിംല: സര്‍ക്കാര്‍ വാഹനത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ ഹിമാചല്‍ പ്രദേശ് മന്ത്രിയുടെ ഭാര്യയുടെ 2.5 ലക്ഷം രൂപ നഷ്ടപ്പെട്ടു. വനം, സ്പോര്‍ട്സ്, ഗതാഗതം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഗോവിന്ദ് സിങ് ഠാക്കൂറിന്‍റെ ഭാര്യ രജനി ഠാക്കൂറിന്‍റെ പണമാണ് വാഹനത്തിനുള്ളില്‍ നഷ്ടമായത്. പണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി രജനി ഠാക്കൂര്‍ ഛണ്ഡീഗഢ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ബ്യൂട്ടി പാര്‍ലറിലേക്ക് രജനി ഠാക്കൂര്‍ കയറുമ്പോള്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ തന്നെയായിരുന്നു. ഒരു യുവാവ് വന്ന് തന്‍റെ പണം പാര്‍ക്കിങ് സ്ഥലത്ത് നഷ്ടമായെന്ന് പറഞ്ഞതനുസരിച്ച്  പുറത്തിറങ്ങിയെന്നും ഈ സമയം മറ്റൊരാള്‍ വാഹനത്തില്‍ നിന്നും ബാഗ് മോഷ്ടിക്കുകയായിരുന്നെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

എന്നാല്‍ മന്ത്രിയുടെ ഭാര്യ എന്തിനാണ് വന്‍ തുക കൈവശം വച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുമ്പോള്‍ ബിജെപി മന്ത്രിയുടെ ഭാര്യ എന്തിനാണ് ഇത്രയധികം തുക കൊണ്ടുനടക്കുന്നതെന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. മന്ത്രിയുടെ ഭാര്യയുടെ സ്വകാര്യ ആവശ്യത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതും വിവാദമായിട്ടുണ്ട്. സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യ തന്നെ ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. 

click me!