
ദില്ലി: ബി ബി സിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ബി ബി സിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്‍ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഈ ഡോക്യുമെന്‍ററി ആസൂത്രിതമാണെന്നും വസ്തുതകൾക്ക് നിരക്കത്തതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി ബി സിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി സീരിസ് പ്രക്ഷേപണം ചെയ്തു തുടങ്ങിയത്. മുസ്ലീങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനത്തെ വിമർശിക്കുന്നതാണ് ഡോക്യുമെന്‍ററി. 2002 - ൽ ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊലയിലടക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന വിമർശനവും 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്. കലാപസമയത്ത് മുസ്ലീങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടത്ര നടപടിയെടുക്കുന്നതിൽ മുഖ്യമന്ത്രിയായിരുന്ന മോദി പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ ബി ബി സി പരമ്പരയിൽ വിശദമായി പരിശോധിക്കുന്നുണ്ട്. ഗുജറാത്തിലെ മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബി ജെ പി സർക്കാർ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ സംഘടിത കൂട്ടക്കൊല തടയാൻ വേണ്ട നടപടികളെടുത്തില്ലെന്ന വിമർശനവും 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററിയിലുണ്ട്.
രണ്ട് ഭാഗങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി സീരീസിലെ ആദ്യ എപ്പിസോഡ് ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം ജനുവരി 24 ന് സംപ്രേക്ഷണം ചെയ്യുമെന്ന് ബി ബി സി അറിയിച്ചിട്ടുണ്ട്. രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നതിന് മുന്നോടിയായാണ് ബി ബി സിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam