
ലോകസമാധാന സമ്മേളനത്തില്‍ (World Peace Conference ) പങ്കെടുക്കാനുളള അപേക്ഷ വിദേശ കാര്യമന്ത്രാലയം (Ministry of External Affairs) തള്ളിയതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (Mamata Banerjee). ഒരു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന പ്രതികരണത്തോടെയാണ് വിദേശകാര്യ മന്ത്രാലയം യാത്രാനുമതി നിഷേധിച്ചത്. ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണ പ്രകാരമാണ് അടുത്ത മാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മമത ബാനര്‍ജി തീരുമാനിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ ചൈന സന്ദര്‍ശിക്കുന്നതിലും മമത ബാനര്‍ജിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നെ എത്ര സ്ഥലങ്ങളില്‍ പോകുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കുകയെന്നും എല്ലാക്കാലവും നിങ്ങള്‍ക്കെന്നെ തടയാനാവില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മമതയുടെ രൂക്ഷമായി പ്രതികരണം.
ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ള ഒരേയൊരു നേതാവാണ് മമത ബാനര്‍ജി. മമതയുടെ സമൂഹ്യഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് ക്ഷണത്തെ വിലയിരുത്തിയിരുന്നത്. സമ്മേളന വേദിയില്‍ പ്രഭാഷണം നടത്താനും മമതയ്ക്ക് ക്ഷണം ലഭിച്ചിരുന്നതാണ്. സമാമൂഹ്യനീതി ഉറപ്പാക്കിയതിനുള്ള അംഗീകാരമായി മമതയുടെ വിജയത്തെ കാണുന്നുവെന്ന പരാമര്‍ശത്തോടെയായിരുന്നു ക്ഷണം ലഭിച്ചത്. സമാനമായ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ വിദേശകാര്യ നയത്തില്‍ തനിക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നതെന്ന് മമത കേന്ദ്ര നടപടിയെ പരിഹസിച്ചു.
മുസ്ലിം മതവിഭാഗത്തില് നിന്നും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഓരോ പ്രതിനിധികള് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഹിന്ദു വിഭാഗത്തില്‍ നിന്ന് ക്ഷണം ലഭിച്ച തനിക്ക് അനുമതിയില്ലെന്നും മമത പറഞ്ഞു. താന്‍ വിശ്വസിക്കുന്നു ഒരേയൊരു മൂല്യം മാനവികതയാണെന്നും മമത കൂട്ടിച്ചേര്‍ത്തു. അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ മതേതരത്വത്തിലൂന്നി വിവിധ വിഭാഗങ്ങള്‍ എങ്ങനെ കഴിയുമെന്ന് വിവരിക്കാന്‍ അവസരം ലഭിച്ചേനെയെന്നും മമത വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam