'പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം, മറ്റ് രാജ്യങ്ങളെ നിലപാട് അറിയിച്ചിട്ടുണ്ട്': വിദേശകാര്യ മന്ത്രാലയം

By Web TeamFirst Published Jan 2, 2020, 4:46 PM IST
Highlights

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം

ദില്ലി: പൗരത്വ നിയമഭേദഗതി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കി വിദേശ കാര്യമന്ത്രാലയം. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്ലീങ്ങള്‍ക്കെതിരുമാണെന്ന്  അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രചാരണം നടത്തുമ്പോഴാണ് ഇന്ത്യ നയം വ്യക്തമാക്കുന്നത്. നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരോ, ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ നിലപാട്  മറ്റ് രാജ്യങ്ങളെ അറിയിച്ചു കഴിഞ്ഞു.  ഇന്ത്യയുടെ ആഭ്യന്തര  വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ യോഗം ചേരുന്നതിനെ കുറിച്ചറിയില്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ  പ്രതിഷേധം പാകിസ്ഥാന് വളമാകുന്നുവെന്ന വിമര്‍ശനമാണ്  പ്രധാനമന്ത്രി ഉന്നയിച്ചത്.  പ്രതിഷേധക്കാര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നില്ലെന്നും അവിടെ  നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തുന്നതെന്നും മോദി വിമര്‍ശിച്ചു. പിന്നാലെ മോദിയെ പരിഹസിച്ച്  പ്രിയങ്ക ഗാന്ധി രംഗത്തെത്തി. പൗരത്വ നിയമഭേദഗതി പ്രതിഷേധം കണ്ട് ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന പ്രധാനമന്ത്രിയുടെ  മണ്ഡലമായ വാരാണസിയില്‍ കഴിഞ്ഞ വര്‍ഷം 359 ദിവസവും നിരോധനാജ്ഞയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ നിരന്തരം നുണ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു  സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. 

click me!