വിദേശ ധനസഹായം സ്വീകരിക്കാനുള്ള 4 ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Sep 7, 2020, 1:47 PM IST
Highlights

ഏപ്രില്‍ മാസത്തില്‍ മുംബൈയില്‍ ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കെതിരെ ബജ്രംഗ്ദള്‍ പ്രതിഷേധിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ വ്യാപകമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ബജ്രംഗ്ദള്‍ ആരോപിച്ചത്. 

ദില്ലി: നാല് ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദ് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാര്‍ഖണ്ഡ്, മണിപൂര്‍,മുംബൈ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സംഘടനകളുടെ ലൈസന്‍സാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിന് പുറമേ യുഎസ് അടിസ്ഥാനമായുള്ള സെവന്‍ത് ഡേ അഡ്വെന്‍റിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവ നിരീക്ഷണത്തിലാണെന്നും കേന്ദ്രമന്ത്രാലയം വിശദമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ നാല് സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയതിന്‍റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏപ്രില്‍ മാസത്തില്‍ മുംബൈയില്‍ ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കെതിരെ ബജ്രംഗ്ദള്‍ പ്രതിഷേധിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ വ്യാപകമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ബജ്രംഗ്ദള്‍ ആരോപിച്ചത്. ന്യൂസിലാന്‍റില്‍ നിന്നുള്ള മിഷണറിമാരാണ് ന്യൂലൈഫ് ചര്‍ച്ച് ഇന്ത്യയില്‍ ആരംഭിക്കുന്നത്. രാജ്നന്ദഗാവ് കുഷ്ഠരോഗ ആശുപത്രി, ഡോണ്‍ ബോസ്കോ ട്രെബല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനവും ലൈസന്‍സ് റദ്ദാക്കല്‍ സാരമായി ബാധിക്കുമെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നാല് സംഘടനകളും നിരവധി വര്‍ഷങ്ങളായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നവയാണ്. 1964 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ദി ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷന്‍റെ ലൈസന്‍സ് നേരത്തെ കേന്ദ്രം റദ്ദാക്കിയിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചുള്ള ബജ്റംഗ് ദളിന്‍റെ പരാതിയെ തുടര്‍ന്ന് 2020 ഫെബ്രുവരി പത്തിനായിരുന്നു ഇത്.

1910ല്‍ ഇന്ത്യയിലെത്തിയ മിഷണറിയാണ് ഇവാഞ്ചലിക്കല്‍ അസോസിയേഷന് രൂപം നല്‍കിയത്. 1952 മുതല്‍ മണിപൂരില്‍ നിന്ന് ഈ സംഘടന പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 22457 എന്‍ജിഒകളും സംഘടനകളുമാണ് എഫ് സിആര്‍എയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 20674 സംഘടനകളുടെ വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സാണ് കേന്ദ്രം ഇതിനോടകം റദ്ദാക്കിയിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭരണകാലത്ത് 14800 എന്‍ജിഒ കളെ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചതിന് ഡി രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാന്‍ അത്യാവശ്യമായുള്ള ലൈസന്‍സാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. 

click me!