
ദില്ലി: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്ന് വിവിധ മന്ത്രാലയങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നൽകി. സെപ്റ്റംബര്‍ 9,10 തീയതികളിലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും സംശയമുള്ള ഇ - മെയിലുകൾ തുറക്കരുതെന്നുമാണ് നിർദേശം.
രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംമ്പ്യൂട്ടര്‍ എമർജൻസി റെസ്‌പോൺസ് ടീം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിവിധ മന്ത്രാലയങ്ങൾക്ക് കേന്ദ്രം സർക്കുലർ നൽകിയത്. കൊവിഡ്, ഡിജിറ്റ് ട്രാസ്ഫമേഷൻ എന്നീ വിഷയങ്ങൾ സംബന്ധിച്ച ഇ - മെയിലുകൾ വഴിയാകും ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാക്കർമാർ ചോർത്തുക എന്നും റിപ്പോർട്ടിലുണ്ട്. അർജന്‍റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡൊനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ 20 രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകും.
ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിലും വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു. കഴിഞ്ഞ മാസം രാജ്യത്തെ എയിംസ് ഉൾപ്പടെയുള്ള ആശുപത്രികളിലെ സർവറുകൾ ഹാക്ക് ചെയ്യപ്പെട്ടു. ചൈനീസ് ഹാക്കർമാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam