
ദില്ലി: കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരെയുള്ള മേഖലാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലായ കേസരി വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. മാലദ്വീപ്, മൗറീഷ്യസ്, സേഷെല്‍സ് , മഡഗാസ്കർ, കൊമോറോസ് എന്നീ രാജ്യങ്ങളിലേക്ക് ആവശ്യ വസ്തുക്കളുമായാണ് കപ്പല്‍ യാത്ര തിരിച്ചിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ, എച്ച്സിക്യു ഗുളികകൾ ഉൾപ്പെടെയുള്ള കൊവിഡ് അനുബന്ധമരുന്നുകൾ, ആയുർവേദമരുന്നുകൾ എന്നിവയടക്കമുള്ള മെഡിക്കൽ ടീം ആണ് ഇന്ന് പുറപ്പെട്ടത്. 'മിഷൻസാഗർ' എന്നു പേരിട്ടിരിക്കുന്ന വിന്യാസത്തിലൂടെ ഈ മേഖലയിൽ ഇടപെടുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.
ഇതുവഴി കൊവിഡ് 19 വൈറസ് ബാധയും അതിന്റെ ബുദ്ധിമുട്ടുകളും നേരിടുന്ന രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള മികച്ച ബന്ധങ്ങൾ വളർത്തിയെടുക്കാനും ഇന്ത്യക്കാവും. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതും അത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണെന്നാണ് ഈ സഹായമെന്നാണ് വിലയിരുത്തല്‍.
പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ് പ്രവർത്തനം. മിഷൻ സാഗറിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പൽ കേസരി മാലിദ്വീപിലെ മാലി തുറമുഖത്ത് എത്തി 600 ടൺ ഭക്ഷണസാധനങ്ങൾ നൽകും. ഇന്ത്യയും മാലിദ്വീപും ശക്തവും സൗഹാർദ്ദപരവുമായ പ്രതിരോധ–നയതന്ത്ര ബന്ധമുള്ള അയൽരാജ്യങ്ങളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam