തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയെച്ചൊല്ലിയാണ് വിവാദം
കണ്ണൂർ: തളിപ്പറമ്പിലെ സർ സയ്യിദ് കോളേജുമായി ബന്ധപ്പെട്ട വഖഫ് ഭൂമി വിഷയത്തിൽ മുസ്ലിം ലീഗും സിപിഎമ്മും നേർക്കുനേർ. വ്യാജരേഖ ഉണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ലീഗ് നേതാക്കൾ ഉൾപ്പെട്ട മാനേജ്മെന്‍റ് വിശ്വാസത്തിന്‍റെ പേരിൽ കച്ചവടം നടത്തുകയാണെന്നാണ് സിപിഎം ആരോപണം. ഒരു ക്ലറിക്കൽ തകരാറിന്‍റെ പേരിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ ആരോപണം ഉന്നയിക്കുകയാണ് സിപിഎം എന്ന് ലീഗ് കുറ്റപ്പെടുത്തുന്നു. ലീഗിന് സ്വാധീനമുളള തളിപ്പറമ്പിൽ വിഷയം സജീവ ചർച്ചയാക്കാനാണ് സിപിഎം നീക്കം.
തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയെച്ചൊല്ലിയുളള വിവാദം. വ്യാജരേഖയുണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം. പാട്ടവ്യവസ്ഥയിൽ തളിപ്പറമ്പ് ജുമാ അത്ത് പളളി 1967ൽ കൈമാറിയ സ്ഥലത്തിന്‍റെ തണ്ടപ്പേർ കോളേജ് മാനേജ്മെന്‍റിന്‍റെ പേരിലാണ്. നികുതിയൊടുക്കുന്നതും മാനേജ്മെന്‍റാണ്. വഖഫ് ഭൂമിയുടെ തണ്ടപ്പേർ സ്വന്തം പേരിലാക്കിയതിൽ പരാതിയെത്തി. തഹസിൽദാർ തണ്ടപ്പേർ പളളിയുടെ പേരിലേക്ക് മാറ്റി. ഇതിനെതിരെ മാനേജ്മെന്‍റ് കോടതിയിൽ നൽകിയ റിട്ട് ഹർജിയിലെ പരാമർശങ്ങളാണ് വിവാദമായത്.
ഭൂമി വഖഫല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്‍റേതെന്നും ആയിരുന്നു ഹർജിയിലെ വാദം. ലീഗ് നേതാക്കൾ ഉൾപ്പെട്ട ഭരണ സമിതി വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം സിപിഎം ഉയർത്തുന്നത് അങ്ങനെയാണ്. മുഖ്യമന്ത്രിയും വിഷയം ലീഗിനെതിരെ ആയുധമാക്കി. എന്നാൽ അതൊരു ക്ലറിക്കൽ തകരാറെന്നും ഭൂമി വഖഫ് തന്നെയെന്നും പറയുന്നു മുസ്ലിം ലീഗ്.
വഖഫ് സംരക്ഷണ സമിതി വിഷയം വിട്ടില്ല. ലീഗിനെതിരെ തളിപ്പറമ്പിൽ പ്രതിഷേധ റാലി നടത്തി. ക്ലറിക്കൽ തകരാറെന്ന് പറഞ്ഞ ലീഗ് ജില്ലാ അധ്യക്ഷനെതിരെ എം വി ജയരാജൻ വിമർശനം കടുപ്പിച്ചു. വഖഫ് ഭൂമിയുടെ തണ്ടപ്പേർ സ്വന്തം പേരിലാക്കിയത് ഭൂമി തട്ടിയെടുക്കാനെന്നാണ് ആക്ഷേപം. പാട്ടവ്യവസ്ഥയിൽ കൈമാറിയ ഭൂമിക്ക് തണ്ടപ്പേർ സംഘടിപ്പിച്ചത്, പളളിക്കമ്മിറ്റിയിലും മാനേജ്മെന്‍റിലും ലീഗിന് സ്വാധീനമുളള കാലത്ത്, ഗൂഢനീക്കത്തിലൂടെയെന്നാണ് ആരോപണം. ലീഗിന് കരുത്തുളള തളിപ്പറമ്പിൽ രാഷ്ട്രീയ നേട്ടം കൂടി ലക്ഷ്യമിട്ട് വിഷയം സജീവമാക്കി നിലനിർത്താനാണ് സിപിഎമിന്‍റെ തീരുമാനം.

