
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നാടകീയ നീക്കങ്ങൾ. ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി എ ഐ എ ഡി എം കെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കഴകം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തി. അന്തരിച്ച നേതാവ് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തിൽ ചേർന്നതിന് പിന്നാലെയാണ് ഒ. പനീർസെൽവത്തെയും മുന്നണിയിൽ എത്തിക്കാൻ ഡിഎംകെ നീക്കം നടത്തുന്നത്. നിയമസഭ മന്ദിരത്തിൽ വച്ചായിരുന്നു പനീർ സെൽവവുമായുള്ള ചർച്ചകൾ നടന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചർച്ചയിൽ പങ്കെടുത്തു. എൻഡിഎയിൽ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്നും ഒപിഎസ്സിനോട് സ്റ്റാലിൻ ആരാഞ്ഞതായാണ് വിവരം. ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.
അതിനിടെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് ഒ പി എസ് പക്ഷത്തുള്ള എ ഐ എ ഡി എം കെ എംഎൽഎ പി. അയ്യപ്പൻ നിയമസഭയിൽ പറഞ്ഞു. എം ജി ആറിന്റെയും ജയലളിതയുടെയും അനുഗ്രഹം സ്റ്റാലിനൊപ്പമുണ്ടെന്നായിരുന്നു ഒപിഎസ്-സ്റ്റാലിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ പരാമർശം.
കഴിഞ്ഞ ദിവസമാണ് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ഡിഎംകെ സഖ്യത്തിൽ ചേരാൻ തീരുമാനമെടുത്തത്. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡി എം കെ ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. മിന്നൽനീക്കത്തിലൂടെയാണ് വിജയകാന്തിന്റെ പാർട്ടിയെ ഡിഎംകെയിലേക്ക് എത്തിച്ചത്. എൻഡിഎ സഖ്യത്തിലേക്ക് ഡി എം ഡി കെ പോകുമെന്നുള്ള സൂചനകൾക്കിടെയാണ് എൻ ഡി എയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ഡിഎംഡികെ ഡിഎംകെയിലേക്ക് ചേരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam