പൗരത്വ ഭേദഗതി: പ്രതിഷേധത്തില്‍ ഇളകിമറിഞ്ഞ് തമിഴകം, പട നയിക്കാന്‍ സ്റ്റാലിന്‍; അഞ്ചാം നാള്‍ മഹാറാലി

By Web TeamFirst Published Dec 18, 2019, 7:49 PM IST
Highlights

 മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമല്‍ ഹാസനടക്കമുള്ളവര്‍ സ്റ്റാലിനൊപ്പം അണിനിരക്കും

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴകത്ത് ഉയരുന്നത്. മദ്രാസ് സർവകലശാലയിലും ഐഐടിയിലും തുടങ്ങിയ പ്രതിഷേധം മറ്റ് ക്യാമ്പസുകളിലേക്കും തെരുവുകളിലേക്കും പടരുകയാണ്. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ തന്നെ പ്രക്ഷോഭത്തിന്‍റെ നേതൃത്വമേറ്റെടുക്കുന്ന നിലയിലേക്കാണ് തമിഴകത്തെ സംഭവവികാസങ്ങള്‍ എത്തിനില്‍ക്കുന്നത്.

ആദ്യം മുതലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉറച്ച നിലപാടെടുത്ത സ്റ്റാലിന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 23 ന് പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് നിര്‍ത്തി മഹാ പ്രതിഷേധ റാലി നടത്താനാണ് ഡി എം കെ തീരുമാനം. പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം സ്റ്റാലിൻ വ്യക്തമാക്കി. മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമല്‍ ഹാസനടക്കമുള്ളവര്‍ സ്റ്റാലിനൊപ്പം അണിനിരക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ക്യാമ്പസുകളിലാകെ പ്രതിഷേധം പടരുകയാണ്. ഗവർണർ പങ്കെടുത്ത പരിപാടിക്കിടെ ഭാരതീയാർ സർവകലാശായിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ചതോടെ പ്രതിഷേധം സംഘർഷത്തിന് വഴിമാറിയിരുന്നു. ഇതെ തുടര്‍ന്ന് നിരവധി വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തു മാറ്റിയത്.

 മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ രാപ്പകൽ സമരവും തുടരുകയാണ്. ഹോസ്റ്റൽ വിട്ട് പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ ഇപ്പോഴുമുള്ളത്. ചെന്നൈ ന്യൂ കോളേജിലും, പച്ചയപ്പാസ് കോളേജിലും വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജിലും അനിശ്ചിതകാല പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. 

click me!