ഡിഎംകെ നേതൃസ്ഥാനത്ത് സ്റ്റാലിന്‍റെ പിന്‍ഗാമിയായി മകന്‍ ഉദയനിധി സ്റ്റാലിന്‍

By Web TeamFirst Published Jul 5, 2019, 7:08 AM IST
Highlights

ഡിഎംകെയില്‍ എംകെ സ്റ്റാലിന്‍റെ പിന്‍ഗാമിയായി മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തി.

ചെന്നൈ: ഡിഎംകെയില്‍ എംകെ സ്റ്റാലിന്‍റെ പിന്‍ഗാമിയായി മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തി. ഡിഎംകെ യുവജനവിഭാഗം നേതാവായാണ് നിയമനം. അടുത്ത മാസം അഞ്ചിന് നടക്കുന്ന വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ പ്രചാരണ ചുമതലയും ഉദയനിധിക്കാണ്.

 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവ രാഷ്ട്രീയത്തിലേക്ക് സ്റ്റാലിനെ, കരുണാനിധി കൈപിടിച്ച് ഏല്‍പിച്ച പദവിയാണ് ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയുടേത്. കരുണാനിധിയുടെ നിഴലില്‍ ദ്രാവിഡരാഷ്ട്രീയത്തില്‍ തലൈവര്‍ പയറ്റിയതും ചുവടുറപ്പിച്ചതും ഈ സ്ഥാനത്തിരുന്ന്. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴിഞ്ഞ പദവി സ്റ്റാലിന്‍ ഉദയനിധിയെ ഏല്‍പ്പിക്കുന്നത് ദ്രാവിഡ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ സ്വന്തം കുടുംബത്തില്‍ തന്നെയെന്ന് ഉറപ്പിച്ചാണ്. ഇതോടെ പാര്‍ട്ടിയുടെ നിര്‍ണ്ണായക സ്ഥാനങ്ങള്‍ എല്ലാം കലൈ‍‍‍ഞ്ജറുടെ മക്കളും അനന്തരവനും കൊച്ചുമകനും സ്വന്തമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വേദികളില്‍ ഉദയനിധിക്ക് ലഭിച്ച സ്വീകാര്യതയാണ് സ്റ്റാലിനെ തീരുമാനം വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്. 

മേഖല തിരിച്ചുള്ള പ്രചാരണങ്ങളുടെ ചുമതല ഉദയനിധിക്ക് ആയിരുന്നു. അഭിനേതാവായും നിര്‍മ്മാതാവായും തമിഴ് സിനിമയില്‍ തിരക്കേറുമ്പോഴും ഡിഎംകെയുടെ മുരശൊലി ട്രസ്റ്റിന്‍റെ എംഡി സ്ഥാനത്ത് ഉദയനിധിയായിരുന്നു. അണ്ണാ ഡിഎംകെയുടെ സിറ്റിങ്ങ് സീറ്റായ വെല്ലൂര്‍ തിരിച്ചുപിടിക്കേണ്ടത് ഡിഎംകെയുടെ അഭിമാനപോരാട്ടമാണ്.

ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങുന്ന പ്രചാരണങ്ങളുടെ ഏകോപന ചുമതലയാണ് ആദ്യ വെല്ലുവിളി. അഴഗിരിക്ക് ഒപ്പം പോരടിച്ചാണ് സ്റ്റാലിന്‍ ചുവടുറപ്പിച്ചതെങ്കില്‍ ഉദയനിധിക്ക് കാര്യങ്ങള്‍ സുഗമമമായിരുന്നു. രണ്ട് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങവേ ഉദയനിധിയുടെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകും. 

click me!