
ദില്ലി: കരസേന മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പുസ്തകവിവാദത്തിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രപ്രതിരോധമന്ത്രാലയം. പ്രതിരോധസേനകളിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുതിയ ചട്ടക്കൂട് വരുന്നു. കേസുമായി ബന്ധപ്പെട്ട് പെൻഗ്വിൻ ബുക്ക്സ് അധികൃതരെ പൊലീസ് ചോദ്യം ചെയ്തു.
നരവനെയുടെ പുസ്തകമായ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി (FOUR STARS OF DESTINY)ക്ക് പ്രസിദ്ധീകരണത്തിന് അനുമതി ലഭിക്കുന്നതിന് മുൻപേ ചോർന്നതിൽ വിവാദം കത്തുകയാണ്. പ്രതിരോധമന്ത്രാലയത്തിന്റെ പരിഗണനയിൽ പുസ്തകത്തിന്റെ അനുമതി സംബന്ധിച്ച അപേക്ഷ ദീർഘനാളുണ്ട്. നിലവിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അതിന് മുന്നോടിയായി കരേസന ആസ്ഥാനത്ത് നിന്നോ പ്രതിരോധമന്ത്രാലയത്തിന്റെ അന്തിമഅനുമതി വേണം. എന്നാൽ അനുമതി നൽകുന്നതിൽ ഏകീകൃത ചട്ടക്കൂട് ഇല്ല. പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ ഇതിന് ഏകീകൃത നിയമവലി തയ്യാറാക്കുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ചേർന്നു. ഔദ്യോഗിക രഹസ്യ നിയമം, സർവീസ് ചട്ടങ്ങൾ, തന്ത്രപ്രധാനമായ വിവരങ്ങൾ സംരക്ഷിക്കൽ അടക്കം കാര്യങ്ങൾ ഉൾപ്പെടുത്തിയാകും പുതിയ നിയമാവലി.
വിരമിച്ച ഉദ്യോഗസ്ഥർക്ക് സർവീസ് നിയമങ്ങൾ ബാധകമല്ലെങ്കിലും പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളിൽ നിയന്ത്രണം ഉണ്ടാകും. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലമാക്കുകയാണ് ദില്ലി പൊലീസ്. പെൻഗ്വിൻ ബുക്ക്സ് അധികൃതരെ ചോദ്യം ചെയ്തു. മൂൻകൂട്ടി കോപ്പികൾ അച്ചടിച്ചില്ലെന്ന പെൻഗ്വിന്റെ വാദം പൊലീസ് കണക്കിലെടുക്കുന്നില്ല. ചില കോപ്പികൾ നേരത്തെ അച്ചടിച്ചിരുന്നു. ഇത് ചില വ്യക്തികൾക്കും കൈമാറിയെന്നും പൊലീസ് വ്യക്തമാക്കുന്നു. .io എന്ന ഡൊമെയ്നിലുള്ള വെബ്സെറ്റിൽ പുസ്തകം വിൽപനയ്ക്ക് എത്തിയെന്നും അന്വേഷണ സംഘം കണ്ടത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രി-പ്രിന്റ് കോപ്പിയുടെ വിതരണം നടന്നു എന്ന ആരോപണത്തിലും പരിശോധന നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam