
മുംബൈ: പൂനെയിയെ ദൗണ്ട് തഹ്‌സിലിലെ യാവത് ഗ്രാമത്തിൽ വെള്ളിയാഴ്ച സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഒരുവിഭാഗത്തിലെ യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തുടർന്ന്, പ്രകോപിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. യുവാവ് ഓൺലൈനിൽ ആക്ഷേപകരമായ പങ്കുവെച്ചതിനെ തുടർന്നാണ് പ്രശ്നമുണ്ടായതെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
തൊട്ടുപിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ടു, പ്രതിഷേധക്കാർ സ്വത്തുക്കൾ നശിപ്പിക്കുകയും കല്ലെറിയുകയും മോട്ടോർ സൈക്കിളിന് തീയിടുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. ഒരു വിഭാഗം എതിർ സമുദായത്തിൽപ്പെട്ടവരുടെ കെട്ടിടങ്ങൾ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സോഷ്യൽമീഡിയയിൽ അധിക്ഷേപ പരാമർശനം ഷെയർ ചെയ്ത വാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ ഗ്രാമം സന്ദർശിച്ച് ശാന്തരാകാൻ ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.