
ലഖ്നൗ: യുപി സിഐഡിയിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായ (എഎസ്പി) മുകേഷ് പ്രതാപ് സിങ്ങിന്റെ ഭാര്യ നിതേഷ് സിങ്ങിന്റെ (38) ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി. ദൃശ്യങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നിതേഷ് ഓട്ടിസം ബാധിച്ച തന്റെ 12 വയസ്സുള്ള മകനോട് ദേഷ്യപ്പെടുന്നും കൊല്ലാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കിടക്കയിൽ കിടക്കുന്ന മകനെ തലയണ മുഖത്ത് വച്ച് അമര്‍ത്തിപ്പിടിക്കുന്നതും, കഴുത്തിൽ പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നിതേഷിന് ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ പ്രകോപനത്തിന് കാരണമെന്ന് കരുതുന്നത്. അതിനിടെ, നിതേഷിൻ്റെ സഹോദരനും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പ്രമോദ് കുമാർ, എഎസ്പിക്ക് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്നും, അതിൻ്റെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.നിതേഷിന്റെ കുടുംബാംഗങ്ങൾ എഎസ്പി.ക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയുമാണ്. തെളിവുകൾ ശേഖരിച്ച ശേഷം പരാതി നൽകാൻ പൊലീസ് നിര്‍ദേശിച്ചതായും, കേസ് അന്വേഷണത്തിൽ എഎസ്പിയുടെ സഹപ്രവർത്തകരായ ചില ഉദ്യോഗസ്ഥർ ഇടപെടുന്നതായും പ്രമോദ് ആരോപിച്ചു.
അതേസമയം, നിതേഷ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് എഎസ്പിയുടെ കുടുംബം പറയുന്നത്. എന്നാൽ, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് തൻ്റെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയായിരിക്കാം വീഡിയോയിൽ കാണുന്ന സംഭവങ്ങളിലേക്ക് നയിച്ചതെന്ന് മനോരോഗ വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവത്തിൽ ഇതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല. നിതേഷിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam