ഭരണത്തിലിരുന്ന അഞ്ച് വർഷം തന്നെ മോദിക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കും; മൻമോഹൻ സിങ്

By Web TeamFirst Published May 6, 2019, 10:04 AM IST
Highlights

രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയല്ല മറിച്ച് മോദി സർക്കാരിന്റെ നിലനിൽപ്പിനു വേണ്ടിയാണ് കഴിഞ്ഞ അഞ്ചു വർഷവും അവർ ശ്രമിച്ചുകൊണ്ടിരുന്നതെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.

ദില്ലി: ഭരണത്തിലിരുന്ന അഞ്ച് വർഷം തന്നെ നരേന്ദ്രമോദിക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും വ്യാപാരികൾക്കും ഓരോ ജനാധിപത്യ സ്ഥാപനങ്ങൾക്കും ദുരന്തപൂർണമായിരുന്നുവെന്നും മൻമോഹൻ സിങ് പറഞ്ഞു. വാർത്താ എജൻസിയായ പിറ്റിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം മോദിക്കെതിരെ വിമർശനമുന്നയിച്ചത്.

രാജ്യത്ത് മോദി അനുകൂല തരം​ഗമുണ്ടെന്ന വാദത്തെയും മൻമോഹൻ സിങ് നിഷേധിച്ചു. കഴിഞ്ഞ അഞ്ച് വർഷം ദുർഗന്ധം വമിക്കുന്ന അഴിമതികളാണ് രാജ്യത്തുടനീളം നടന്നത്. അതിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ട് നിരോധനം. മോദിയെ പുറത്താക്കണമെന്നാണ് ജനങ്ങളുടെ മനസ്സിൽ ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ ക്ഷണമില്ലാതെ തന്നെ മോദി  അവിടെക്ക് ചെന്ന് ഐഎസ്ഐയെ പഠാന്‍കോട്ട് ആക്രമണത്തിന് ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും മൻമോ​ഹൻ സിങ് കുറ്റപ്പെടുത്തി. ഏറ്റവും മോശമായ സമ്പദ്വ്യവസ്ഥയാണ് മോദി ഭരണത്തിൽ നിന്നിറങ്ങുമ്പോൾ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

പുൽവാമ ഭീകരാക്രമണത്തിൽ ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ സുരക്ഷ ശക്തമാക്കുന്നതിന് യോഗം വിളിച്ചു ചേർക്കുന്നതിന് പകരം മോദി ജിംകോർബറ്റ് നാഷണൽ പാർക്കിൽ പരസ്യ ചിത്രീകരണത്തിലായിരുന്നുവെന്നും മൻമോഹൻ സിങ് കുറ്റപ്പെടുത്തി. കാശ്മീരിൽ മാത്രം കഴി‍ഞ്ഞ അഞ്ച് വർഷത്തിനിടയിൽ 176 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്നും വെടിനിർത്തൽ കരാർ ലംഘനം 1000 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയല്ല മറിച്ച് മോദി സർക്കാരിന്റെ നിലനിൽപ്പിനു വേണ്ടിയാണ് കഴിഞ്ഞ അഞ്ചു വർഷവും അവർ ശ്രമിച്ചുകൊണ്ടിരുന്നതെന്നും മൻമോഹൻ സിങ് കൂട്ടിച്ചേർത്തു.

click me!