രണ്ടാം വരവില്‍ ഭരണഘടന തൊട്ട് തൊഴുത് മോദി; സാക്ഷികളായി അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും

By Web TeamFirst Published May 25, 2019, 9:59 PM IST
Highlights

പാര്‍ലമെന്‍റിലേക്കുള്ള പ്രവേശന കവാടത്തില്‍ തൊട്ടുതൊഴുതായിരുന്നു 2014 ല്‍ മോദിയുടെ തുടക്കമെങ്കില്‍ ഇന്ന് അമിത് ഷായ്ക്കൊപ്പം കടന്നുവന്ന മോദിയുടെ ശരീര ഭാഷയില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. 

ദില്ലി: ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വരുന്നുവെന്ന റെക്കോര്‍ഡോഡെയാണ് നരേന്ദ്ര മോദിയും എന്‍ഡിഎയും പാര്‍ലമെന്‍റിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2014 ല്‍ എന്‍ഡിഎ മത്സരിക്കുമ്പോള്‍ നരേന്ദ്രമോദിയുടെ ലോക്സഭയിലേക്കുള്ള കന്നി അങ്കം കൂടിയായിരുന്നു. ആദ്യമായി എംപിയായ മോദിയുടെ പാര്‍ലമെന്‍റിലേക്കുള്ള പ്രവേശനം തന്നെ പ്രധാനമന്ത്രിയെന്ന തീരുമാനത്തോടെയും.

അന്ന് ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു മോദിയുടെ അരങ്ങേറ്റം.  ഇന്നാകട്ടെ അത്തരം നാടകീയ മുഹൂര്‍ത്തങ്ങളൊന്നും ഉണ്ടായിരുന്നില്ല. പാര്‍ലമെന്‍റിലേക്കുള്ള പ്രവേശന കവാടത്തില്‍ തൊട്ടുതൊഴുതായിരുന്നു 2014 ല്‍ തുടക്കം. എന്നാല്‍ ഇന്ന് അമിത് ഷായ്ക്കൊപ്പം കടന്നുവന്ന മോദിയുടെ ശരീര ഭാഷയില്‍ ആത്മവിശ്വാസം പ്രകടമായിരുന്നു. ഒപ്പം ഇത്തവണ സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി എന്‍ഡിയയുടെ ജനപ്രതിനിധികളെ അഭിസംബോധന ചെയ്തത്. 

മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും സാന്നിദ്ധ്യത്തില്‍ തന്നെയായിരുന്നു മോദിയുടെ രണ്ടാം വരവും. യോഗത്തിനെത്തിയ മോദി അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും കാലില്‍ വീണു. ഇരുവരും മോദിയെ ആലിംഗനം ചെയ്തു. 

സുഷമ സ്വരാജും മറ്റ് നേതാക്കളും മോദിക്ക് അഭിവാദ്യമര്‍പ്പിച്ചു. ഘടകക്ഷികളിലൊരാളായ പ്രകാശ് സിംഗ് ബാദല്‍ മോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നിര്‍ദ്ദേശിച്ചപ്പോള്‍ നിതീഷ് കുമാറും ഉദ്ദവ് താക്കറെയും ചേര്‍ന്ന് പിന്താങ്ങി. ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി അമിത് ഷായും മോദിയെ നിര്‍ദ്ദേശിച്ചു. രാജ്നാഥ് സിംഗും നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് പിന്താങ്ങി. 

Read Also: ധാര്‍ഷ്ട്യം ഒഴിവാക്കണം, മാധ്യമങ്ങളോട് മിതത്വം; ഭരണഘടനയിൽ തലതൊട്ട് വന്ദിച്ച് മോദി

തുടര്‍ന്ന് ഘടകകക്ഷി നേതാക്കള്‍ മോദിയെ അഭിനന്ദിച്ചു. 2014ൽ നരേന്ദ്ര മോദിയെ ജനങ്ങൾ പരീക്ഷിച്ചുവെന്നും എന്നാല്‍ പരീക്ഷണം വിജയമെന്ന് കണ്ട നേതാക്കൾ വീണ്ടും അവസരം നല്‍കിയെന്നും  അമിത് ഷാ പറഞ്ഞതോടെ കൈയ്യടികളോടെയാണ് ജനപ്രതിനിധികള്‍ വരവേറ്റത്. 

ജനപ്രതിനിധികൾക്ക് ഭേദഭാവം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണമെന്ന് ഭരണഘടന ഓർമ്മിപ്പിച്ച് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ മോദി പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു നരേന്ദ്രമോദി.

എല്ലാ എന്‍ഡിഎ നേതാക്കളും, എന്‍ഡിഎയുടെ എല്ലാ ഘടകക്ഷികളും തന്നെ നേതാവായി തെരഞ്ഞെടുത്തു. ഇതില്‍ എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു. ഏറ്റവുമധികം വനിതാ പ്രതിനിധികള്‍ പാര്‍ലമെന്‍റിലെത്തിയ ചരിത്ര മുഹൂര്‍ത്തമാണ് ഇത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയുമധികം വനിതാ എംപിമാര്‍ പാര്‍ലമെന്‍റിലെത്തുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു. 

click me!