
ദില്ലി: അദാനി വിവാദത്തിൽ നേരിട്ട് പ്രതികരിക്കാതെ ലോക് സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രതിരോധം തീർത്ത് പ്രധാനമന്ത്രി. പ്രതിപക്ഷവും, മാധ്യമങ്ങളും വിചാരിച്ചാൽ തൻറെ വിശ്വാസ്യത തകർക്കാനാവില്ലെന്ന് മോദി അവകാശപ്പെട്ടു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങൾ ലോക് സഭ രേഖയിൽ നിന്ന് നീക്കം ചെയ്തു.
പേരെടുത്ത് പറയാതെ രാഹുൽ ഗാന്ധിയെ പരിഹസിച്ചായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ തുടക്കം. അദാനിക്കൊപ്പമുളള വിദേശ യാത്രകൾ, വിദേശ രാജ്യങ്ങളുമായുള്ള കരാറുകൾ, വിദേശ നയവും, ബജറ്റും അദാനിക്കായി മാറ്റി തുടങ്ങി രാഹുൽ ഗാന്ധി ഉന്നയിച്ച ഒരു ആരോപണത്തെയും മോദി നേരിട്ടില്ല. പകരം യുപിഎ സർക്കാരിൻറെ കാലത്തെ അഴിമതികൾ വീണ്ടും ഉന്നയിച്ച് ശ്രദ്ധ തിരിക്കാനാണ് ശ്രമിച്ചത്. സർക്കാരിൻ്റെ വിവിധ വികസന പദ്ധതികൾ, ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവി തുടങ്ങിയ കാര്യങ്ങളിലുള്ള പ്രതിപക്ഷത്തിൻറെ നിരാശ നുണപ്രചാരണമായി മാറി. ജനങ്ങൾക്ക് തന്നെ വിശ്വാസമുണ്ടെന്നും അത് തകർക്കാൻ മാധ്യമങ്ങൾക്കോ പ്രതിപക്ഷത്തിനോ കഴിയില്ലെന്നും പറഞ്ഞ് മോദി പ്രതിരോധം തീർത്തു.
അതേ സമയം പ്രതിപക്ഷ നിരയിലെ ഭിന്നത പ്രധാനമന്ത്രിയുടെ പ്രസംഗ വേളയിലും പ്രതിഫലിച്ചു.പ്രസംഗം ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ആഹ്വാനം എല്ലാ എംപിമാർക്കും സ്വീകാര്യമായില്ല. എല്ലാവരും ഇറങ്ങിയെങ്കിലും സഭയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധിക്കൊപ്പം പിന്നീട് തിരിച്ച് കയറുന്നതും കണ്ടു. തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളും ഇറങ്ങി പോയില്ല. ഇതിനിടെ മോദിയേയും അദാനിയേയും ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കുകയും ചെയ്തു. തെളിവ് ഹാജരാക്കൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് സ്പീക്കറുടെ നടപടി.