
ഝാർഗ്രാം: ബംഗാളിൽ മോദിയുടെ ഝാൽമുരി ബ്രേക്ക്. റാലി പ്രസംഗങ്ങൾക്കിടയിലെ ഇടവേളയിലാണ് നാടൻ രുചി തേടി പ്രധാനമന്ത്രി ചെറിയ കടയിൽ എത്തിയത്. പശ്ചിമ ബംഗാളിലെ പുരുലിയ, ഝാർഗ്രാം, മേദിനിപൂർ, വിഷ്ണുപൂർ എന്നിവിടങ്ങളിൽ ഞായറാഴ്ച നടന്ന നാല് വമ്പൻ റാലികൾക്കിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഗ്രാമിലെ ഒരു ചെറിയ കടയിൽ ഝാൽമുരി കഴിക്കാൻ എത്തിയത്. "തിരക്കേറിയ ഞായറാഴ്ചയിൽ ബംഗാളിലെ നാല് റാലികൾക്കിടയിൽ ഝാർഗ്രാമിൽ നിന്ന് സ്വാദിഷ്ടമായ ഝാൽമുരി കഴിച്ചു," എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
കടക്കാരനോട് ഝാൽമുരി ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്നാക്സ് കഴിച്ച ശേഷം പണം നൽകിയപ്പോൾ കടക്കാരൻ ആദ്യം വിസമ്മതിച്ചെങ്കിലും പ്രധാനമന്ത്രി നിർബന്ധിച്ചതോടെ അദ്ദേഹം പണം സ്വീകരിക്കുകയായിരുന്നു. മലര്, ഉള്ളി, മുളക്, കടുക് എണ്ണ എന്നിവ ചേർത്തുണ്ടാക്കുന്ന ബംഗാളിലെ പ്രിയപ്പെട്ട വിഭവമാണ് ഝാൽമുരി.
രുചി വിശേഷങ്ങൾക്കിടയിലും രാഷ്ട്രീയ വിമർശനങ്ങളിൽ മോദി ഒട്ടും പിന്നോട്ടു പോയില്ല. പാർലമെന്റിലെ 33 ശതമാനം സ്ത്രീ സംവരണത്തെ തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്നും ഇത് ബംഗാളിലെ സഹോദരിമാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ പെൺമക്കൾ എംഎൽഎമാരും എംപിമാരും ആകുന്നത് തൃണമൂൽ ഭയപ്പെടുന്നു. അവരുടെ 'മഹാ ജംഗിൾ രാജിനെ' സ്ത്രീകൾ വെല്ലുവിളിക്കുമെന്ന് അവർക്കറിയാമെന്നും ബങ്കുരയിലെ റാലിയിൽ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങളെ കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി മമത ബാനർജി പ്രതിരോധിച്ചത്. പാർലമെന്റിലും സംസ്ഥാന നിയമസഭയിലും ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികളുള്ളത് തൃണമൂലിനാണെന്ന് മമത അവകാശപ്പെട്ടു. ലോക്സഭയിൽ 37.9 ശതമാനവും രാജ്യസഭയിൽ 46 ശതമാനവും വനിതകളെയാണ് തൃണമൂൽ നാമനിർദ്ദേശം ചെയ്തതെന്ന് അവർ എക്സിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam