ബംഗാളിൽ 'ഡബിൾ എഞ്ചിൻ' സർക്കാർ; കർഷകരുടെ അക്കൗണ്ടിൽ പണം നേരിട്ടെത്തും, മോദിയുടെ 'ഗ്യാരണ്ടി'

Published : Apr 19, 2026, 07:59 PM IST
ബംഗാളിൽ 'ഡബിൾ എഞ്ചിൻ' സർക്കാർ; കർഷകരുടെ അക്കൗണ്ടിൽ പണം നേരിട്ടെത്തും, മോദിയുടെ 'ഗ്യാരണ്ടി'

Synopsis

പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ വന്നാൽ 'ഡബിൾ എഞ്ചിൻ' ഭരണമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് പണം നേരിട്ട് അക്കൗണ്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരോട് നേരിട്ട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ 'ഡബിൾ എഞ്ചിൻ' ഭരണം ഉറപ്പാക്കുമെന്നും കർഷകർക്ക് ഇതിന്റെ ഗുണം നേരിട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ ഇടനിലക്കാരെ ബംഗാളിലെ മാർക്കറ്റുകളിൽ നിന്ന് പുറത്താക്കുമെന്നും അതുവഴി കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മേദിനിപ്പൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ബിജെപി മുഖ്യമന്ത്രി വന്നാൽ വികസനവും സുരക്ഷയും ഉറപ്പാക്കുമെന്നും നിലവിലെ ഭരണത്തിന്റെ വീഴ്ചകൾക്ക് മറുപടി പറയിക്കുമെന്നും മോദി വ്യക്തമാക്കി. "ഇവിടെ ഒരു ബിജെപി മുഖ്യമന്ത്രിയെ കൊണ്ടുവാ, അപ്പോൾ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് കിസാൻ സമ്മാൻ നിധിയുടെ 9,000 രൂപ ഓരോ കർഷകന്റെയും അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കും. കർഷകർക്ക് ന്യായവില കിട്ടാൻ തൃണമൂലിന്റെ ഇടനിലക്കാരെ ബംഗാളിലെ മാർക്കറ്റുകളിൽ നിന്ന് പുറത്താക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്". അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് ഉത്തരവാദികളായവരെ ലക്ഷ്യമിട്ട്, ബിജെപി സർക്കാർ എല്ലാ പൗരന്മാർക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. "ബിജെപി സർക്കാർ എല്ലാവരുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. എന്നാൽ അടിച്ചമർത്തുന്നവരെയും കൊള്ളയടിക്കുന്നവരെയും വെറുതെ വിടില്ല. ഓരോന്നിനും കൃത്യമായി കണക്ക് പറയിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സാധ്യതകളെക്കുറിച്ച്, പ്രത്യേകിച്ച് കൃഷി, മത്സ്യബന്ധന മേഖലകളെക്കുറിച്ച് സംസാരിച്ച മോദി, ബംഗാളിൽ ഒരു 'നീല വിപ്ലവം' വാഗ്ദാനം ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മത്സ്യ ഉത്പ്പാദനത്തിലെ വിജയം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. "ഡബിൾ എഞ്ചിൻ സർക്കാർ നീല വിപ്ലവം വ്യാപിപ്പിക്കും. മത്സ്യ ഉത്പ്പാദനത്തിൽ ബിജെപി സർക്കാർ ബംഗാളിനെ സ്വയം പര്യാപ്തമാക്കും. കഴിഞ്ഞ ദശകത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റെക്കോർഡ് മത്സ്യ ഉത്പ്പാദനമാണ് രേഖപ്പെടുത്തിയത്. ബിഹാറിൽ മത്സ്യ ഉത്പ്പാദനം ഇരട്ടിയായി, ഒഡീഷയിൽ ഇത് 150 ശതമാനത്തിലധികം വർധിച്ചു," അദ്ദേഹം പറഞ്ഞു.

മമത ബാനർജി സർക്കാർ അഴിമതിയും 'മഹാ ജംഗിൾ രാജും' സ്ഥാപനവൽക്കരിച്ചുവെന്ന് മോദി ആരോപിച്ചു. "15 വർഷം കൊണ്ട് അവർ കൊള്ളയടിക്കുന്നതിൽ പിഎച്ച്ഡി എടുത്തിരിക്കുകയാണ്," മോദി ജനക്കൂട്ടത്തോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഒരു ബദലായി അവതരിപ്പിച്ച അദ്ദേഹം അക്രമികളെയും കൊള്ളക്കാരെയും നേരിടുമെന്നും യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തു. 

ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ. തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്താനാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയ ബിജെപി, ഇത്തവണ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ശക്തമായ ശ്രമത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ; 'ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തും'
ബംഗാളിൽ മോദിയും മമതയും നേർക്കുനേർ! കൊല്ലാൻ നോക്കുന്നോയെന്ന് മമതയുടെ ചോദ്യം, തൃണമൂൽ ഗുണ്ടകൾക്ക് കീഴടങ്ങാൻ അവസാന അവസരമെന്ന് മോദി