അയോധ്യ വിധിയെ പക്വതയോടെ നേരിട്ട ജനങ്ങൾക്ക് നന്ദി; മൻ കി ബാത്തിൽ‌ പ്രധാനമന്ത്രി

By Web TeamFirst Published Nov 24, 2019, 2:58 PM IST
Highlights

അന്ന് സർക്കാരും ജനങ്ങളും സമാധാനാന്തരീക്ഷം കാത്തൂസൂക്ഷിച്ചതിനെക്കുറിച്ച് അദ്ദേ​​ഹം അനുസ്മരിച്ചു. ഇതേ വിഷയത്തിൽ അന്തിമ വിധി പ്രഖ്യാപിച്ചപ്പോൾ ദേശീയ താത്പര്യമാണ് പരമപ്രധാനമെന്ന് ഒരിക്കൽ കൂടി ജനങ്ങൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. 

ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി വിധിയിൽ ജനങ്ങൾ പ്രകടിപ്പിച്ച സംയമനത്തിനും ക്ഷമയ്ക്കും പക്വതയ്ക്കും മൻ കി ബാത്തിൽ‌ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് ദേശീയ വികാരത്തേക്കാൾ വലുതായി മറ്റൊന്നുമില്ല എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറ‍ഞ്ഞു. സുപ്രീം കോടതി നിലപാട് നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിക്കാൻ കാരണമായി. ഈ ചരിത്ര വിധിയോട് കൂടി രാജ്യം പുതിയൊരു പാതയിലൂടെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാൻ തുടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

നവംബർ 9 ന് നടന്ന ചരിത്രവിധിയിൽ അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാനും പള്ളി നിർമ്മാണത്തിനായി അഞ്ചേക്കർ സ്ഥലം നൽകാനും ഉത്തരവായിരുന്നു. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ മൻ കി ബാത്തിൽ അയോധ്യവിഷയത്തിൽ 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോദി പരാമർശിച്ചിരുന്നു. അന്ന് സർക്കാരും ജനങ്ങളും സമാധാനാന്തരീക്ഷം കാത്തൂസൂക്ഷിച്ചതിനെക്കുറിച്ച് അദ്ദേ​​ഹം അനുസ്മരിച്ചു. ഇതേ വിഷയത്തിൽ അന്തിമ വിധി പ്രഖ്യാപിച്ചപ്പോൾ ദേശീയ താത്പര്യമാണ് പരമപ്രധാനമെന്ന് ഒരിക്കൽ കൂടി ജനങ്ങൾ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. 

വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടം അവസാനിക്കുകയും ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വർദ്ധിക്കുകയും ചെയ്തു. അയോധ്യവിധി രാജ്യചരിത്രത്തിലെ നാഴികക്കല്ലാണെന്നും മോദി കൂട്ടിച്ചേർത്തു. അയോധ്യവിധി പുറത്ത് വന്ന് മണിക്കൂറുകൾക്കുളളിൽ തന്നെ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. 


 

click me!