PM Modi Visits Mother : തെരഞ്ഞെടുപ്പ് വിജയം; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

Published : Mar 12, 2022, 08:43 AM ISTUpdated : Mar 12, 2022, 08:46 AM IST
PM Modi Visits Mother : തെരഞ്ഞെടുപ്പ് വിജയം; ​ഗുജറാത്തിലെത്തി അമ്മയെ കണ്ട് പ്രധാനമന്ത്രി

Synopsis

അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ യോ​ഗം ചേ‍ർന്നു. ഗുജറാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി

ഗാന്ധിനഗർ: തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ (Assembly Election Victory) ഭാ​ഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് (Gujarat) സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയിൽ എത്തി അമ്മ ഹീരാബെൻ മോദിയെ കണ്ടു. പ്രധാനമന്ത്രി മോദി അമ്മയ്‌ക്കൊപ്പമാണ് അത്താഴം കഴിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിൽ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

കൂടാതെ, അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ യോ​ഗം ചേ‍ർന്നു. ഗുജറാത്ത് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി. "ജനങ്ങളുടെ വാത്സല്യത്താൽ ഞാൻ വിനീതനാണ്. ഈ പിന്തുണയും ആവേശവും നമ്മുടെ ജനങ്ങളെ സേവിക്കുന്നതിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു"വെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം അവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട പഞ്ചാബ് ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി വിജയിച്ചിരിക്കുകയാണ്.  

ഉത്തർപ്രദേശിൽ 403 നിയമസഭാ മണ്ഡലങ്ങളിൽ 255 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടി. ഉത്തരാഖണ്ഡിൽ 70 സീറ്റിൽ 47 സീറ്റും പാർട്ടി നേടി. ഗോവയിൽ 40ൽ 20 സീറ്റും ബിജെപിയും സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയും നേടിയപ്പോൾ മണിപ്പൂരിൽ ഭരണകക്ഷിയായ ബിജെപി സഖ്യം 60ൽ 31 സീറ്റും നേടി.

ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്. നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ പ്രാഥമിക പ്രതിപക്ഷ കക്ഷിയായി ഉയർന്ന് വരാനാണ് എഎപി ശ്രമിക്കുന്നത്. അവിടെയും കോൺഗ്രസിന് ബദലെന്ന നീക്കത്തിനാണ് കെജരിവാളിന്റെ ശ്രമം. അടുത്ത മാസം ഗുജറാത്തിൽ കെജരിവാളും ഭഗവന്ത് മാനും ചേർന്ന് വിജയ യാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എഎപിയുടെ നിർണായക നീക്കം.

അജയ്യരായി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വന്‍ തേരോട്ടം നടത്തി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയെ തന്നെ മാറ്റിയെഴുതുന്നതാണ്. കാര്‍ഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളില്‍ കൂടുതല്‍ പരിഷ്ക്കാരവുമായി രംഗത്തെത്താനുള്ള ഊര്‍ജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്.

അഞ്ചിലങ്കത്തില്‍ നാലിടത്തെ വിജയം അതിശയോക്തിയല്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ 2024ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള സന്ദേഹങ്ങളിലും ബിജെപി വ്യക്തത വരുത്തുകയാണ്. ഒരു കാലത്ത് പരീക്ഷണശാലയായിരുന്ന ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് അധികാരത്തില്‍ വരിക എന്നത് ബിജെപിക്ക് ദുഷ്ക്കരമായിരുന്നു. ബാബറി മസ്ജിദ് തകര്‍ന്ന ശേഷമുള്ള സാഹചര്യവും അത്ര കണ്ട് അനുകൂലമായിരുന്നില്ല. ആ യുപിയെയാണ് മോദി യോഗി കൂട്ടുകെട്ട് മാറ്റിമറിച്ചിരിക്കുന്നത്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്‍റെ മൂശയില്‍ വിരിയുന്നത് പുതിയ ചരിത്രം. അഞ്ച് വര്‍ഷം തികച്ച് ഭരിച്ചതിനൊപ്പം വീണ്ടും അധികാരത്തിലെത്തുകയെന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ ഏടാണ്.  

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിൻ്റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും.ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്.

ബിജെപി ഭരണ തുടര്‍ച്ചക്ക് ബലം നല്‍കും വിജയം

2024 ലെ ഭരണ തുടര്‍ച്ചക്ക് ബലം പകരുന്നതിനൊപ്പം രാജസ്ഥാനില്‍ ഉള്‍പ്പടെ പലയിടങ്ങളിലും സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഈ വിജയം ബലം പകരും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ആധിപത്യം തുടരാനാകും. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടാനാകും. കാര്‍ഷിക നിയമങ്ങളുടെ തിരിച്ചടി ഭയന്ന് പിന്മാറേണ്ടി വന്നെങ്കിലും നിയമ പരിഷ്ക്കാര നടപടികളിലക്കടക്കം  തിരിയാന്‍ ഈ വിജയം പ്രേരിപ്പിച്ചേക്കാം. കാര്‍ഷിക മേഖലകളിലെ മുന്നേറ്റം തന്നെ അതിന് ഇന്ധനമാകും. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കേ ആ അജണ്ടകളിലേക്ക് തിരിയാനും ഈ തേരോട്ടം ബിജെപിക്ക് ഊര്‍ജ്ജമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'
'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത