കാശി വിശ്വനാഥന് വേണ്ടി അക്ബാരി തലപ്പാവ് ഉണ്ടാക്കുന്ന ​മുഹമ്മദ് ​ഗിയാസുദ്ദീൻ; ​വാരണാസിയിൽ ഹോളി ഇങ്ങനെയുമാണ്!

Published : Mar 15, 2023, 07:44 PM ISTUpdated : Mar 15, 2023, 07:53 PM IST
കാശി വിശ്വനാഥന് വേണ്ടി അക്ബാരി തലപ്പാവ് ഉണ്ടാക്കുന്ന ​മുഹമ്മദ് ​ഗിയാസുദ്ദീൻ; ​വാരണാസിയിൽ ഹോളി  ഇങ്ങനെയുമാണ്!

Synopsis

വരാണസിക്ക് ഹോളി എന്നാൽ ശിവ-ശക്തി പരിണയത്തിന്റെ ആഘോഷമാണ്. 250 വർഷത്തിലേറെയായി ഈ വിശേഷാവസരത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ​ഗിയാസുദ്ദീന്റെ കുടുംബക്കാരാണ്. തലമുറ തലമുറകളായി കൈമാറ്റം ചെയ്തു വന്ന വൈദ​ഗ്ധ്യമാണ് ​ഗിയാസുദ്ദീന് ഈ തലപ്പാവ് നിർമ്മാണം. 

"പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ആദിത്യ യോ​ഗിനാഥും ഞാൻ നിർമ്മിച്ച തലപ്പാവ് ധരിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആ​ഗ്രഹങ്ങളിലൊന്ന്". ഹോളി ആഘോഷങ്ങളുടെ തിരക്കിലേക്ക് മുങ്ങിയ ന​ഗരത്തിലിരുന്ന്  മുഹമ്മദ് ​ഗിയാസുദ്ദീൻ പറഞ്ഞുതുടങ്ങുകയാണ്.. 

പ്രശസ്തമായ അക്ബാരി ടർബനുകൾ തനിമ ചോരാതെ ഉണ്ടാക്കാൻ കഴിയുന്ന ഒരേയൊരാളാണ് ​ഗിയാസുദ്ദീൻ എന്നാണ് ഖ്യാതി. അക്ബാരി ടർബനുകൾ അറിയില്ലേ,  മു​ഗൾ ചക്രവർത്തി ജലാലുദ്ദീൻ അക്ബറുടെ കാലത്തെ ഛായാചിത്രങ്ങളിലും ശിൽപങ്ങളിലും നാം കണ്ടു പരിചയിച്ച അതേ തലപ്പാവ് തന്നെ. ഗംഗാതീരത്തെ  ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയിലണിയാൻ ഇതേ തലപ്പാവ് നിർമ്മിച്ചു നൽകുന്ന ആളും മുഹമ്മദ് ​ഗിയാസുദ്ദീൻ തന്നെയാണ് എന്നതാണ്  രസകരമായ മറ്റൊരു കാര്യം. അഞ്ച് മീറ്റർ തുണിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ഈ തലപ്പാവ് കാശി വിശ്വനാഥന് സമർപ്പിക്കുക എന്നത് ഒരു ആചാരമാണ്. ​ഗം​ഗാതീരത്തെ ശിവസന്നിധിയിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ഫാൽ​ഗുന മാസത്തിലെ ഏകാദശി നാളിലാണ്. 

വരാണസിക്ക് ഹോളി എന്നാൽ ശിവ-ശക്തി പരിണയത്തിന്റെ ആഘോഷമാണ്. 250 വർഷത്തിലേറെയായി ഈ വിശേഷാവസരത്തിൽ  വിശ്വനാഥ ക്ഷേത്രത്തിലേക്ക് തലപ്പാവ് സമർപ്പിക്കുന്നത് ​ഗിയാസുദ്ദീന്റെ കുടുംബക്കാരാണ്. തലമുറ തലമുറകളായി കൈമാറ്റം ചെയ്തു വന്ന വൈദ​ഗ്ധ്യമാണ് ​ഗിയാസുദ്ദീന് ഈ തലപ്പാവ് നിർമ്മാണം. വാരണാസിയിലെ ഏകാദശി ഉത്സവത്തിന്റെ അവിഭാജ്യ ഘടകമാണ് ​ഗിയാസുദ്ദീനും കുടുംബവും.  ഹൈന്ദവവിശ്വാസികളുടെ പുണ്യസ്ഥലം എന്നതിനപ്പുറം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സംസ്കാരിക കേന്ദ്രം കൂടിയാണ് കാശി. ഉസ്താദ് ബിസ്മില്ലാ ഖാൻ അടക്കമുള്ളവർ കാശി  വിശ്വനാഥന് മുമ്പിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഇതിന് മകുടോ​ദാഹരണമാണ്. 

വാരണാസിയിലെ 'വിശ്വനാഥ'ന്  മാത്രമല്ല, ജന്മാഷ്ടമിക്ക് ശ്രീകൃഷ്ണവി​ഗ്രഹത്തിൽ ചാർത്താനും ​ഗിയാസുദ്ദീൻ തലപ്പാവ് നിർമ്മിക്കാറുണ്ട്. കാശിനാഥനായി തലപ്പാവ് നിർമ്മിക്കുന്നത് ഉത്തരവാദിത്തത്തിലുപരി അഭിമാനമായാണ് കാണുന്നതെന്ന് ​ഗിയാസുദ്ദീൻ പറയുന്നു. പൂർവ്വികരിൽ നിന്ന് പകർന്നുകിട്ടിയ പാരമ്പര്യം കാത്തുസൂക്ഷിക്കാനാവുന്നതിൽ അങ്ങേയറ്റം സന്തോഷവാനാണ് അ​ദ്ദേഹം. എന്റെ മുതുമുത്തച്ഛൻ ലഖ്നൗവിൽ നിന്നാണ് ഈ കല ഇവിടേക്ക് കൊണ്ടുവന്നത്. വാരണാസി ഇഷ്ടപ്പെട്ടതോടെ അദ്ദേഹം ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

വാരണാസിയിലേക്കും ഇവിടുത്തെ ഐക്യത്തിലേക്കും അദ്ദേഹം അലിഞ്ഞുതീരുകയായിരുന്നു. അങ്ങനെയാണ് കാശിനാഥന് തലപ്പാവ് സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചതും അത് ക്ഷേത്രത്തിലെ പൂജാരികൾ സ്നേഹത്തോടെ സ്വീകരിച്ചതും. ​ഗിയാസുദ്ദിന്റെ നാല് ആണ്മക്കളും പേരക്കുട്ടിയായ മുഹമ്മദും തലപ്പാവ് നിർമ്മാണത്തിൽ വൈദ​ഗ്ധ്യം ഉള്ളവരാണ്. ​ഗിയാസുദ്ദീന്റെ ഭാര്യ ആമിനയും തലപ്പാവ് നിർമ്മാണത്തിൽ പങ്കാളിയാവാറുണ്ട്. പട്ടുതുണി, സ്വർണം വെള്ളി നൂലുകൾ തുടങ്ങിയവയൊക്കെ ഉപയോ​ഗിച്ച് ആഴ്ചകളെടുത്താണ് ഈ സവിശേഷ തലപ്പാവ് നിർമ്മിച്ചെടുക്കുന്നത്. 

കാശി വിശ്വനാഥന് വേണ്ടി തലപ്പാവ് നിർമ്മിക്കുന്നത് തനിക്കും കുടുംബത്തിനും ഐശ്വര്യം നൽകുമെന്ന് ​ഗിയാസുദ്ദീൻ ഉറച്ചുവിശ്വസിക്കുന്നു. വിലമതിക്കാനാവാത്തതാണ് ഈ തലപ്പാവെന്നും ലക്ഷങ്ങൾ നൽകാമെന്ന് പറഞ്ഞാലും മറ്റൊരാൾക്ക് വേണ്ടി ഇത്തരത്തിലൊന്ന് നിർമ്മിച്ചുനൽകില്ലെന്നുമാണ് ​ഗിയാസുദ്ദീൻ പറയുന്നത്.  ഹിന്ദുവും മുസ്ലീമും രണ്ടാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.  ഈ ആചാരം അളവില്ലാത്ത ആഹ്ലാദം മനസിന് നൽകുന്നതാണ്. ഇത് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമാണ്. ​ഗിയാസുദ്ദീൻ പറയുന്നു. ഓരോ ഹോളിക്കും ശേഷവും ​വാരണാസിയിൽ ഗിയാസുദ്ദീൻ കാത്തിരിക്കും, അടുത്ത ഹോളിയാഘോഷത്തിനായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും