ബഫർസോണിൽ മാറ്റത്തിനുള്ള സൂചന നൽകി സുപ്രീംകോടതി: ആളുകളെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രം

Published : Mar 15, 2023, 06:23 PM ISTUpdated : Mar 15, 2023, 06:46 PM IST
ബഫർസോണിൽ മാറ്റത്തിനുള്ള സൂചന നൽകി സുപ്രീംകോടതി: ആളുകളെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രം

Synopsis

കേരളത്തിന്റെ ആശങ്കകളെ പൂർണ്ണമായി പിന്തുണയ്ക്കുകയായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. രാജ്യത്തെ ഒരോ വന്യജീവി സങ്കേതത്തിൻറെയും സ്ഥിതി വിത്യസ്തമാണ്. ഒരോ പ്രദേശം തിരിച്ചാണ് സംരക്ഷണ നടപടികൾ നടപ്പാക്കാൻ ശ്രമിച്ചത്. സുപ്രീംകോടതിയുടെ ബഫർസോൺ വിധി ഈ നടപടികളെ തകിടം മറിച്ചെന്ന് കേന്ദ്രം വാദിച്ചു.

ദില്ലി: ബഫർസോൺ വിധി പരിഷ്ക്കരിക്കുമെന്ന് സൂചന നൽകി സുപ്രീം കോടതി. സമ്പൂർണ്ണ വിലക്ക് പ്രായോഗികമല്ലെന്നും കോടതി നീരീക്ഷിച്ചു.   മനുഷ്യരെ ഇറക്കി വിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസർക്കാരും ഇന്ന് കോടതിയിൽ വാദിച്ചു. ഹർജിയിൽ കേരളത്തിന്റെ വാദം നാളെ നടക്കും. 

ഓസ്കര്‍ ലഭിച്ച 'ദ എലഫന്‍റ് വിസ്പേഴ്സ്'ന്‍റെ കഥ ഉദ്ധരിച്ച് കേന്ദ്രസർക്കാർ 

കേരളം ഉൾപ്പെടെ  സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന സൂചന നല്‍കിയാണ് ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് എന്ന നിലപാട് കോടതി ഇന്ന് വീണ്ടും ആവർത്തിച്ചു.  ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നീരീക്ഷണം. 

കേരളത്തിന്റെ ആശങ്കകളെ പൂർണ്ണമായി പിന്തുണയ്ക്കുകയായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. രാജ്യത്തെ ഒരോ വന്യജീവി സങ്കേതത്തിൻറെയും സ്ഥിതി വിത്യസ്തമാണ്. ഒരോ പ്രദേശം തിരിച്ചാണ് സംരക്ഷണ നടപടികൾ നടപ്പാക്കാൻ ശ്രമിച്ചത്. സുപ്രീംകോടതിയുടെ ബഫർസോൺ വിധി ഈ നടപടികളെ തകിടം മറിച്ചെന്ന് കേന്ദ്രം വാദിച്ചു.  കേരളത്തിൽ അടക്കം വിധി പ്രശ്നങ്ങൾ സൃഷ്ടിച്ചു. മനുഷ്യന്‍ കൂടി ചേരുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂര്‍ത്തിയാകുന്നതെന്ന് ഓസ്കര്‍ ലഭിച്ച 'ദ എലഫന്‍റ് വിസ്പേഴ്സ്'ന്‍റെ കഥ ഉദ്ധരിച്ച് കേന്ദ്രത്തിനായി എ .എസ്.ജി ഐശ്വര്യഭട്ടി വാദിച്ചു.

മുതുമല ദേശീയോദ്യാനത്തിനകത്തുള്ള തെപ്പക്കാട് ആന പുനരധിവാസ കേന്ദ്രത്തിലെ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരാണ് വനസംരക്ഷണത്തിന്റെ മികച്ച ഉദാഹരണങ്ങളെന്ന് ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. കോടതിയും ഇതിനോട് യോജിച്ചു. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയത് വലിയ പ്രതസിന്ധിയായെന്ന് അമിക്ക്യൂസ് ക്യൂറി കോടതിയിൽ  പറഞ്ഞു. എന്നാൽ ഖനനം മാത്രമാണ് വിഷയമെന്നും സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്നുമുള്ള മുൻനിലപാട് കോടതി ആവർത്തിച്ചു. 

സുൽത്താൻബേത്തേരി നഗരസഭ, കേരളഹൈക്കോടതി തുടങ്ങി ബഫർസോണിൽ ഉൾപ്പെട്ട സ്ഥലങ്ങളെ കുറിച്ചും വാദത്തിനിടെ പരാമർശമുണ്ടായി. സുൽത്താൻബത്തേരി നഗരസഭയിൽ വിധി അനുസരിച്ച് ഒരു വികസന പ്രവർത്തനം പോലും നടത്താനാകില്ലെന്ന് അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയെ അറിയിച്ചു. കേരളത്തിന്റെ ആശങ്കങ്ങളെ സുപ്രീം കോടതിയിൽ കേന്ദ്രവും പിന്തുണച്ചതോടെ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് വാക്കാൽ കോടതി നീരീക്ഷിച്ചത്.  

ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകളില്‍ നാളെയും വാദം തുടരും. നാളെ സംസ്ഥാനത്തിനായി മുതിർന്ന  അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ്  കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാകും വാദം നടത്തുക. കേന്ദ്രത്തിന്റെ അപേക്ഷയിൽ കക്ഷി ചേർന്ന ഷേലി ജോസിനായി അഭിഭാഷക ഉഷാ നന്ദിനിയും പെരിയാർ വാലി സംരക്ഷണ സമിതിയ്ക്കായി അഭിഭാഷകൻ വി.കെ ബിജുവും ഹാജരാകും 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും