'ചില മുസ്ലിംങ്ങൾ അവരുടെ സമുദായത്തിൽ സി‌എ‌എ ഭയം വളർത്താൻ ശ്രമിക്കുന്നു': മോഹൻ ഭ​ഗവത്

By Web TeamFirst Published Jan 29, 2020, 8:11 PM IST
Highlights

ജാതി, വർഗ വിഭജനം ഇന്ത്യൻ സമൂഹത്തിന് ശാപമാണെന്നും സാമൂഹ്യഘടനയിൽ തുല്യത ഉറപ്പാക്കാൻ ശ്രമിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു. 

ദില്ലി: ചില മുസ്ലിംങ്ങൾ അവരുടെ സമുദായത്തിൽ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഭയം വളർത്താൻ ശ്രമിക്കുകയാണെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്. സിഎഎയെ ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.

"ഇന്ത്യയിലെ മുസ്ലിംങ്ങൾക്കിടയിലെ വിദ്യാസമ്പന്നരും ബുദ്ധിജീവികളും മുന്നോട്ട് വന്ന് ഈ ഭയം ഇല്ലാതാക്കണം. ഹിന്ദുക്കളും മുസ്ലിംങ്ങളും രാജ്യത്തെ പൗരന്മാരാണ്, അവർക്ക് (മുസ്ലിംങ്ങൾ) നിയമത്തെ ഭയപ്പെടാൻ യാതൊരു കാരണവുമില്ല"-മോഹൻ ഭഗവത് പറഞ്ഞു.

വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ആർ‌എസ്‌എസ് മേധാവി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ജാതി, വർഗ വിഭജനം ഇന്ത്യൻ സമൂഹത്തിന് ശാപമാണെന്നും സാമൂഹ്യഘടനയിൽ തുല്യത ഉറപ്പാക്കാൻ ശ്രമിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു. ഓരോ വ്യക്തിയും രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാകണമെന്നും അങ്ങനെ നഷ്ടപ്പെട്ട പ്രതാപം ഇന്ത്യ വീണ്ടെടുക്കുമെന്നും മോഹൻ ഭ​ഗവത് കൂട്ടിച്ചേർത്തു.

2025 ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ശാഖ സ്ഥാപിക്കുകയെന്നതാണ് ആർ‌എസ്‌എസിന്റെ ലക്ഷ്യമെന്നും ഭഗവത് വ്യക്തമാക്കി. എല്ലാ ആർ‌എസ്‌എസ് പ്രവർത്തകരും ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

click me!