നിര്‍ഭയ കേസില്‍ വധശിക്ഷ വൈകും; വിനയ് ശര്‍മ്മ ദയാഹര്‍ജി നല്‍കി

By Web TeamFirst Published Jan 29, 2020, 7:41 PM IST
Highlights

രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയ വിവരം വിനയ് ശർമ്മയുടെ അഭിഭാഷകനാണ് അറിയിച്ചത്. 

ദില്ലി: വധശിക്ഷയിൽ ഇളവ് തേടി നിര്‍ഭയ കേസിലെ രണ്ടാമത്തെ കുറ്റവാളി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകി. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ല. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയ വിവരം വിനയ് ശർമ്മയുടെ അഭിഭാഷകനാണ് അറിയിച്ചത്. നേരത്തെ മറ്റൊരു പ്രതിയായ മുകേഷ് സിംഗും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രപതി തള്ളുകയായിരുന്നു. സുപ്രീം കോടതി  തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയത്. 

ഹർജിയിൽ ആദ്യം കേന്ദ്രം ദില്ലി ലഫ്റ്റനൻറ് ഗവർണ്ണറുടെ നിർദ്ദേശം തേടി. ഹർജി തള്ളണമെന്ന ദില്ലി സർക്കാരിൻറെ നിർദ്ദേശം അംഗീകരിച്ചുള്ള ശുപാർശം ആഭ്യന്തരമന്ത്രാലയം പിന്നാലെ  രാഷ്ട്രപതിക്ക് കൈമാറി. രണ്ടു മണിക്കൂറിനുള്ളിൽ രാഷ്ട്രപതി ഹർജി തള്ളുകയായിരുന്നു. ദയാഹര്‍ജിയിലെ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നൽകിയ ഹര്‍ജി പിന്നാലെ സുപ്രീംകോടതിയും തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്. 

അതേസമയം  വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നിര്‍ഭയ കേസിലെ മറ്റൊരു പ്രതി അക്ഷയ് സിംഗ് ഠാക്കൂർ നൽകിയ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിൽ ഉള്ള അഞ്ചംഗ ബെഞ്ച് ആണ് നാളെ ഉച്ചയ്ക്ക് ഹർജി പരിഗണിക്കുക. 

click me!