
മുംബൈ : മോഹിനിയാട്ടത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത വിഖ്യാത നർത്തകി കനക് റെലെ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഗുജറാത്ത് സ്വദേശിയാണെങ്കിലും കേരളവുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ച പ്രതിഭയാണ് വിടവാങ്ങിയത്.
മലയാള മണ്ണിന്‍റെ മോഹിനിയാട്ടത്തെ ഹൃദയത്തിൽ സൂക്ഷിച്ച മഹാപ്രതിഭ. ഏഴാം വയസിൽ കൊൽക്കത്തയിലെ ശാന്തി നികേതനിൽ വച്ചാണ് ആദ്യം മോഹിനിയാട്ടത്തെ അടുത്തറിയുന്നത്. കഥകളിക്കൊപ്പം മോഹിനിയാട്ടവും പഠിച്ച് തുടങ്ങിയ കനക് വിവാഹശേഷം മോഹിനിയാട്ടത്തിൽ കൂടുതൽ സജീവമായി. അടങ്ങാത്ത അഭിനിവേശം കേരള കലാമണ്ഡലത്തിലും അവരെ എത്തിച്ചു. കാവാലം നാരാണയപ്പണിക്കരുമായി ചേർന്ന് സോപാന സംഗീതത്തിൽ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിന് ലോകത്താകെ ആരാധകരുണ്ട്.
ലോകമാകെ എണ്ണമറ്റ വേദികളിൽ കനക് റെലെ മോഹിനിയാട്ടം അവതരിപ്പിച്ചു. മുംബൈയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രം, നളന്ദ നൃത്ത കല മഹാവിദ്യാലയം എന്നിവ മോഹിനിയാട്ടത്തിന്‍റെ വളർച്ചയ്ക്ക് വേണ്ടി കനക് റെലെ സ്ഥാപിച്ചതാണ്. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആ പ്രതിഭയെ ആദരിച്ചു. ഗുജറാത്ത് സർക്കാരിന്‍റെ ഗൗരവ് പുരസ്കാർ,മധ്യപ്രദേശ് സർക്കാരിന്‍റെ കാളിദാസ് സമ്മാൻ അങ്ങനെ എത്രയോ പുരസ്കാരങ്ങൾ. ജന്മം കൊണ്ട് ഗുജറാത്തിയാണെങ്കിലും കനക് റെലെ മലയാളത്തിന്‍റെ കൂടി സ്വന്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam