20 വർഷമായി മാസം 450 രൂപ മാത്രം ശമ്പളം, അടിമവേല നിർത്തണം 'മിനിമം വേജസ്' നൽകണമെന്ന് ഹൈക്കോടതി

By Web TeamFirst Published Oct 12, 2021, 12:21 PM IST
Highlights

പ്രയാഗ്‌രാജിലെ എംഡി കണ്ണാശുപത്രിയിൽ 2001 ജൂൺ മുതൽ ക്ലാസ് ഫോർ ജീവനക്കാരനായി ജോലിചെയ്യുന്ന തുഫൈൽ അഹമ്മദ് അൻസാരി സമർപ്പിച്ച അന്യായത്തിന്മേലാണ്  അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി

പ്രയാഗ് രാജ് : ക്ലാസ് IV ജീവനക്കാരന്(Class IV) ജോലിക്കെടുത്ത അന്നുതൊട്ട് മാസം 450 രൂപ മാത്രം ശമ്പളമായി നൽകിയ ഉത്തർപ്രദേശ് (Uttar Pradesh) സർക്കാരിനെ നിശിതമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. 2001 -ൽ ജോലിക്കെടുത്ത അന്നുതൊട്ട് ഹരജിക്കാരന് വേതനമായി നൽകിപ്പോന്നത് പ്രതിമാസം വെറും 450 രൂപ മാത്രമാണ് എന്നും ഇത് സംസ്ഥാനത്ത് നിലവിലുള്ള മിനിമം വേജസ് നിരക്കുകളേക്കാൾ കുറവാണ് എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പങ്കജ് ഭാട്ടിയ അധ്യക്ഷനായ ബെഞ്ച് ഈ സംഭവത്തെ, കഴിഞ്ഞ 20 വർഷമായി സംസ്ഥാനം ഭരിച്ചുവരുന്ന വിവിധ ഗവൺമെന്റുകൾ, ഒരു പൗരനോട് കാണിച്ച് ചൂഷണ മനോഭാവം എന്നാണ് വിലയിരുത്തിയത്. 

കോടതി ഇതുസംബന്ധിച്ച് നടത്തിയ നിരീക്ഷണം ഇങ്ങനെ, "നാട്ടിൽ നിലവിലുള്ള തൊഴിൽ നിയമങ്ങളുടെയും, അവയെ ആധാരമാക്കി സുപ്രീം കോടതി മുൻകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള സുപ്രധാന വിധിന്യായങ്ങളുടെയും അടിസ്ഥാനത്തിൽ 01.07.1992 നു പുറപ്പെടുവിക്കപ്പെട്ട ഗവണ്മെന്റ് ഓർഡർ പ്രകാരം, മാസം 450 രൂപ എന്ന ശമ്പള നിരക്ക് മറ്റൊരു രൂപത്തിലുളള അടിമപ്പണി തന്നെയാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 23 -ന്റെ നഗ്നമായ ലംഘനം കൂടിയാണ്."

പ്രയാഗ്‌രാജിലെ എംഡി കണ്ണാശുപത്രിയിൽ 2001 ജൂൺ മുതൽ ക്ലാസ് ഫോർ ജീവനക്കാരനായി ജോലിചെയ്യുന്ന തുഫൈൽ അഹമ്മദ് അൻസാരി സമർപ്പിച്ച അന്യായത്തിന്മേലാണ് (Tufail Ahmad Ansari v. State Of U P And 2 Others) അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി വന്നിട്ടുള്ളത്. 2016 -ലെ നിയമ പ്രകാരം റെഗുലറൈസേഷന് അർഹത ഉണ്ടായിരുന്നിട്ടും ഹരജിക്കാരനെ പരിഗണിച്ചില്ല എന്നും ആക്ഷേപമുണ്ട്. 

click me!